വര്‍ഗീയമതിലാണ് പണിയുന്നതെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചു: രമേശ് ചെന്നിത്തല

Sunday, December 30, 2018

Ramesh-Cehnnithala

വനിതാ മതിൽ സംബന്ധിച്ച തന്‍റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടി ഇല്ലെന്ന് പ്രതിപക്ഷനേതാവ്  രമേശ് ചെന്നിത്തല. വീണിടത്ത് കിടന്നുരുളുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. നവോത്ഥാന മതിലല്ല വര്‍ഗീയമതിലാണ് പണിയുന്നതെന്ന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലൂടെ തുറന്നുസമ്മതിച്ചിരിക്കുകയാണ്. ഹിന്ദുസംഘടനകളെ മാത്രമാണ് യോഗത്തിന് വിളിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞതിലൂടെ ഇത് വ്യക്തമായി.  മതന്യൂനപക്ഷങ്ങളെ മതിലിൽ പങ്കെടുപ്പാക്കാത്തത് ആർ.എസ്.എസിനെ പേടിച്ചിട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും ഹൈന്ദവ വര്‍ഗീയതയെ തടയാന്‍ തീവ്ര ഹിന്ദുത്വനിലപാട് സ്വീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ വാദം പരിഹാസ്യമാണ്. സമൂഹത്തെ ജാതി അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന നടപടിയല്ല. ഇത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും സാമൂഹിക ധ്രുവീകരണത്തിന് വഴിതെളിക്കുന്ന നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഈ മതില്‍ എന്തിന് വേണ്ടിയെന്ന് ആര്‍ക്കും മനസിലായിട്ടില്ല. വി.എസ് അച്യുതാനന്ദനെ പോലും ഇത് ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും കഴിഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മതില്‍ നിര്‍മാണത്തിന് ശബരിമല വിഷയവുമായി ബന്ധമില്ലെന്നാണ് ദേവസ്വം മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. മതില്‍പണി ഏറ്റെടുത്ത പ്രധാന സംഘാടകര്‍ക്കുപോലും മതില്‍ എന്തിനുവേണ്ടിയെന്ന് മനസിലായിട്ടില്ല. മതില്‍‌ പണി ഏറ്റെടുത്തവര്‍ക്കെങ്കിലും ഈ മതില്‍ എന്തിനുവേണ്ടിയാണെന്ന് പറഞ്ഞുകൊടുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കണമെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു.

വനിതകൾക് നേരെ ഉള്ള അതിക്രമങ്ങൾ തടയാൻ മതിൽ വേണ്ട. കേരളത്തിന്‍റെ മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിച്ചാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഒരു പ്രയാസവുമില്ല. എന്നാല്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍  അതിക്രമങ്ങള്‍ നേരിടുന്നത് എല്‍.ഡി.എഫ് ഭരണകാലത്താണെന്നും രമേശ് ചെന്നിത്തല ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ നേതാക്കന്മാരില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും സ്ത്രീകള്‍ പീഡനങ്ങള്‍ നേരിടുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. കരോള്‍ സംഘത്തെ ആക്രമിച്ചവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യ വിജിയുടെ സമരത്തിന് നേരെ മുഖംതിരിക്കുന്ന മുഖ്യമന്ത്രിക്ക് നവോത്ഥാനത്തെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചും പറയാന്‍ എന്തവകാശം എന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. ഒരു ഭാഗത്ത് സ്ത്രീത്വത്തെ ചവിട്ടിമെതിക്കുകയും മറുഭാഗത്ത് സ്ത്രീകള്‍ക്കുവേണ്ടിയെന്ന പേരില്‍ മതില്‍ കെട്ടുകയും ചെയ്യുന്നത് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സ്വത്വരാഷ്ട്രീയത്തെപ്പറ്റിയുള്ള തന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല. വര്‍ഗരാഷ്ട്രീയം ഉപേക്ഷിച്ച് സ്വത്വരാഷ്ട്രീയം കൈക്കൊള്ളുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി എന്തുകൊണ്ടാണ് മറുപടി പറയാത്തതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സി.പി.എം അംഗീകരിക്കാത്ത സ്വത്വരാഷ്ട്രീയത്തെ പി.ബി അംഗം കൂടിയായ പിണറായി വാരിപ്പുണരുന്നത് എന്തിനാണെന്ന് വ്യക്തമാക്കേണ്ടത് അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്.

മതിലിന്‍റെ ഫണ്ട് എവിടെനിന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഖജനാവില്‍ നിന്ന് പണം ചെലവഴിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതാശിശുക്ഷേമ വകുപ്പിലെ 50 കോടി രൂപ മതിലിനായി മാറ്റിവെച്ചിട്ടുണ്ടെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാത്തത് എന്തുകൊണ്ടാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം. കോടതിയില്‍ യാഥാര്‍ഥ്യം ബോധിയപ്പെടുത്തുകയും പുറത്ത് അത് മറച്ചുവെക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. മതിലിന്‍റെ പേരില്‍ നിരവധി ഭീഷണികളാണ് ഉദ്യോഗസ്ഥര്‍ നേരിടുന്നത്. മന്ത്രിമാര്‍ മതിലിന് പിന്നാലെ ഓടുന്നതിനാല്‍ ക്യാബിനറ്റ് പോലും ചേരാനാകാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. എന്തിനെന്ന് ആര്‍ക്കുമറിയാത്ത മതിലിന് വേണ്ടി പൊതുജനങ്ങളെയും ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും ബുദ്ധിമുട്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.