ഡിസ്റ്റിലറി, ബ്രൂവറി അനുമതിയില്‍ കോടികളുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, September 26, 2018

സംസ്ഥാനത്ത് അതീവ രഹസ്യമായി ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ അറിഞ്ഞാണ് ഈ അഴിമതി നടന്നത്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

തലസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷനേതാവ് സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്‌. അതീവ രഹസ്യമായി സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതിൽ. കോടികളുടെ അഴിമതിയാണ് നടന്നത്‌ നിയമസഭയില്‍ പ്രഖ്യാപിക്കാതെ നയപ്രഖ്യാപനത്തിലോ ബഡ്ജറ്റിലോ പറയാതെ മന്ത്രിസഭയില്‍ പോലും കൊണ്ടുചെല്ലാതെയാണ് അതീവ രഹസ്യമായി ഇവ അനുവദിച്ചത്.

https://www.youtube.com/watch?v=dkCf8B0h_UU

1999 ന് ശേഷം സംസ്ഥാനത്ത് പുതിയ ബ്രൂവറികളോ, ഡിസ്റ്റലറികളോ അനുവദിച്ചിട്ടില്ല. 1996 ല്‍ ബിയറും വിദേശ മദ്യവും ഉല്‍പാദിക്കുന്നതിന് വേണ്ടി ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുകയും, 125 അപേക്ഷകള്‍ വരികയും ചെയ്തു. അത് വിവാദമായതിനെ തുടര്‍ന്ന് 1999 ല്‍ ആര്‍ക്കും ഇവ അനുവദിക്കേണ്ടെന്ന് തിരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 99 ലെ ആ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് മാറി മാറി വന്ന സര്‍ക്കാരുകള്‍ പുതിയ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നിഷേധിച്ചത്. ഈ ഉത്തരവ് മറികടന്നാണ് രഹസ്യമായി ഇപ്പോള്‍ സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചിരിക്കുന്നത്.

കണ്ണൂര്‍ ജില്ലയില്‍ വാരം എന്ന സ്ഥലത്ത് ശ്രീധരന്‍ ബ്രൂവറി പ്രൈവറ്റ് ലിമറ്റഡ്,
പാലക്കാട് ജില്ലയിൽ അപ്പോളോ ഡിസ്റ്റിലറീസ് ആന്റ് ബ്രൂവറീസ് പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കി. തൃശൂര്‍ ജില്ലയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം നിര്‍മിക്കുന്നതിന് കോമ്പൗണ്ടിംഗ്, ബെന്‍ഡിംഗ്, ബോട്ടിലിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് ശ്രീ ചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമറ്റഡ് എന്ന പെരുമ്പാവൂരിലെ കമ്പനിക്ക് അനുമതി നല്‍കി. പവര്‍ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിക്ക് എറണാകുളത്ത് കിന്‍ഫ്രാ വ്യവസായ പാര്‍ക്കില്‍ ബ്രൂവറി തുടങ്ങുന്നതിന് അനുമതി നല്‍കി. ഇതിനായി കിന്‍ഫ്ര പാര്‍ക്കിലെ പത്തേക്കര്‍ സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാനും തിരുമാനിച്ചു. നേരത്തെ സര്‍ക്കാരിന് ലഭിച്ച മറ്റ് അപേക്ഷകള്‍ പിന്തള്ളിയാണ് ആദ്യം കണ്ണൂരില്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത്

മുഖ്യമന്ത്രിയുടെ അറിവോടെയും അംഗീകാരത്തോടെയും സമ്മതത്തോടെയുമാണ് ബ്രൂവറികള്‍ക്കും ഡിസ്റ്റിലറിക്കും അനുമതി നല്‍കിയത്. ഈ ഇടപാടുകളില്‍ പാര്‍ട്ടിക്കും മന്ത്രിമാര്‍ക്കും എത്ര കോടി വീതം കിട്ടിയെന്നന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.