എക്സൈസ് മന്ത്രി രാജിവെക്കണം: രമേശ് ചെന്നിത്തല

webdesk
Monday, October 8, 2018

ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിക്കാനുള്ള തീരുമാനം റദ്ദാക്കിയതുകൊണ്ട് കാര്യമില്ലെന്നും എക്‌സൈസ് മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മൈക്രോ ബ്രൂവറിയും പബ്ബുകളും തുടങ്ങാൻ സർക്കാർ പദ്ധതി ഇട്ടിരുന്നു. ഇതിനായി എക്‌സൈസ് കമ്മീഷണറെ ബംഗളുരുവിൽ അയച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇടതുപക്ഷ സർക്കാരിന്‍റെ ഏറ്റവും വലിയ അഴിമതിയാണ് ബ്രൂവറിയില്‍ നടന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി അനുമതി റദ്ദാക്കിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. ഇനിയും പുറത്തുവരാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് മുഖ്യമന്ത്രി ഉത്തരവ് റദ്ദാക്കിയതെന്നും സംസ്ഥാനത്ത് മിനി ബിയർ പബ്ബുകൾ സ്ഥാപിക്കാനായിരുന്നു സർക്കാർ ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ബ്രൂവറി ഇടപാടില്‍ മുഴുവന്‍ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടന്നത്. എഴുമാസത്തോളം എക്സൈസ് വകുപ്പിന്‍റെ ഓഫീസില്‍ ബന്ധപ്പെട്ട ഫയല്‍ ഉറങ്ങിയത് ഡീല്‍ ഉറപ്പിക്കാനാണ്. ഇക്കാര്യത്തില്‍ എക്‌സൈസ് മന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടുമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എക്‌സൈസ് മന്ത്രിയുടെ രാജിക്കുവേണ്ടിയുള്ള പ്രതിപക്ഷത്തിന്‍റെ സമ്മര്‍ദവും പ്രക്ഷോഭവും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നിയമങ്ങളേയും ചട്ടങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ട് ഇഷ്ടക്കാരെയും ബന്ധക്കാരെയും വെളളക്കടലാസില്‍ അപേക്ഷ വാങ്ങി ലൈസന്‍സ് കൊടുക്കുകയാണ് സർക്കാർ ചെയ്തതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.