പ്രളയത്തിനിടെ ലക്ഷങ്ങളുടെ കരാര്‍; KPMGയുമായി സര്‍ക്കാരിനുള്ള ബന്ധം എന്തെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, September 14, 2018

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കുന്നതിനുള്ള കൺസൾട്ടൻസി കരാർ വിദേശ കമ്പനിയായ കെ.പി.എം.ജി ക്ക് നൽകിയ നടപടി ചോദ്യം ചെയ്ത് വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം രൂക്ഷമായ ദിവസം കെ.പി.എം.ജിക്ക് മറ്റൊരു വമ്പൻ കരാർ സർക്കാർ നൽകിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ ഏജൻസികളെ തഴഞ്ഞാണ് വൻതുകയ്ക്ക് കെ.പി.എം.ജിക്ക് കരാർ നൽകിയത്. കെ.പി.എം.ജിയുമായി സംസ്ഥാന സർക്കാരിനുള്ള ബന്ധം എന്തെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സൗജന്യമായി കൺസൾട്ടൻസി ജോലി ചെയ്യാൻ തയാറായി കെ.പി.എം.ജി മുന്നോട്ടുവന്നതിനാൽ അവർക്ക് കരാർ നൽകി എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ അത്രയും നിർദോഷ ഇടപാടാണോ ഇതെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.

സംസ്ഥാനത്ത് പ്രളയം കൊടുമ്പിരിക്കൊണ്ട് നിൽക്കുന്ന ആഗസ്റ്റ് 17 ന് കെ.പി.എം.ജിക്ക് 66 ലക്ഷത്തിന്റെ ഒരു കരാർ സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. നോർക്കയുടെ വെബ്പോർട്ടൽ റീഡിസൈൻ ചെയ്യുന്നതിനാണ് ഇത്രയും വലിയ തുകയുടെ കരാർ നൽകിയത്. ഒരു വെബ്പോർട്ടൽ റീഡിസൈൻ ചെയ്യുന്നതിന് 66 ലക്ഷം രൂപ വേണമോ എന്നതാണ് ചോദ്യം. കെൽട്രോൺ, സിഡിറ്റ് തുടങ്ങിയ സർക്കാർ ഏജൻസികൾക്ക് ഇത് കുറഞ്ഞചിലവിൽ ചെയ്യാവുന്ന പണിയാണിതെന്നിരിക്കെയാണ് അവയെ തഴഞ്ഞ് വൻതുകയ്ക്ക് കെ.പി.എം.ജി എന്ന അന്താരാഷ്ട്ര കമ്പനിക്ക് നൽകിയത്. ആരുടെ താത്പര്യമാണ് ഇതിൽ പ്രവർത്തിച്ചതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പൊതു മേഖലയുടെ സംരക്ഷകരെന്ന് പുരപ്പുറത്ത് കയറി നിന്ന് വിളിച്ചു കൂവുന്ന ഇടതുപക്ഷ സർക്കാരാണ് പൊതുമേഖലയെ തഴഞ്ഞ് സ്വകാര്യ കുത്തക കമ്പനിക്ക് പിന്നാലെ പോകുന്നത്. ഇടതു പക്ഷത്തിന്റെ കാപട്യമാണ് ഇത് വഴി വ്യക്തമാകുന്നത്. കേരളത്തെ പുനർനിർമ്മിക്കുന്നതിനുള്ള സൗജന്യ കൺസൾട്ടൻസിക്ക് പുറകിൽ ഇതു പോലുള്ള വേറെ എത്ര കരാറുണ്ടെന്ന് സർക്കാർ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ ആവശ്യപ്പെട്ടു.