രാജ്യം ഭരിക്കുന്നത് ഗാന്ധി ഘാതകനെ വാഴ്ത്തുന്ന, ജനങ്ങളെ തമ്മിലടിപ്പിക്കുന്ന സര്‍ക്കാർ ; ഇതിനെതിരെ ഗാന്ധിയന്‍ ആശയങ്ങളുയര്‍ത്തി പോരാടണം : രമേശ് ചെന്നിത്തല

Wednesday, October 2, 2019

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതിയാത്ര സംഘടിപ്പിച്ചു. കലൂർ സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച യാത്ര രാജേന്ദ്ര മൈതാനിയിൽ സമാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

രാവിലെ പത്ത് മണിക്ക് കലൂർ സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച ഗാന്ധി സ്മൃതിയാത്രയിൽ 100 കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് പങ്കെടുത്തത്. നഗത്തിലൂടെ പ്രയാണം നടത്തിയ യാത്ര രാജേന്ദ്ര മൈതാനത്ത് സമാപിച്ചു. സമാപന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

‘ആർ.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും വർഗീയ രാഷ്ട്രീയത്തിനെതിരായി അണിനിരക്കേണ്ട സമയമാണിത്. രാജ്യം ഭരിക്കുന്ന സർക്കാർ തന്നെ ജനങ്ങളെ വർഗീയമായി തമ്മിലടിപ്പിക്കുന്നു. ഇതിനെതിരെ ഗാന്ധിയൻ ചിന്തകളുയർത്തി പോരാടേണ്ടതുണ്ട്. ഗാന്ധിജിയെ തമസ്‌കരിക്കുന്ന, ഗാന്ധി ഘാതകനെ വാഴ്ത്തുന്ന സർക്കാരാണ് രാജ്യത്ത് ഇന്നുള്ളത്.  ഇതിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പോരാട്ടത്തിന്‍റെ ഭാഗമാണ് ഈ പദയാത്ര. ഗാന്ധിയുടെ ആശയങ്ങള്‍ ഉയർത്തിപ്പിടിച്ച് രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നമ്മള്‍ പോരാടണം’ – രമേശ് ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ എം.പി, എൻ.കെ പ്രേമചന്ദ്രൻ എം.പി, ഹൈബി ഈഡൻ എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റും എറണാകുളം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ടി.ജെ വിനോദ്, മുൻ എം.പി കെ.വി തോമസ്, മുൻ മന്ത്രിമാരായ കെ ബാബു, ഡൊമിനിക് പ്രസന്‍റേഷൻ, എം.എൽ.എമാരായ പി.ടി തോമസ്, അൻവർ സാദത്ത്, റോജി എം ജോൺ, മേയർ സൗമിനി ജെയിൻ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.