മാര്‍ക്ക് ദാനം: മന്ത്രി ജലീല്‍ രാജിവച്ച് ജൂഡീഷ്യല്‍ അന്വേഷണം നേരിടണം : രമേശ് ചെന്നിത്തല

Jaihind News Bureau
Friday, October 25, 2019

മാർക്ക് ദാനവിവാദത്തിൽ മന്ത്രി കെടി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കട്ട മുതൽ തിരികെ കൊടുത്താൽ മോഷണം ഇല്ലാതാവില്ലെന്നും മാർക്ക് ദാനം പിൻവലിക്കാനുള്ള തീരുമാനം തെറ്റ് സമ്മതിക്കലാണെന്നും അദ്ദേഹം പറഞ്ഞു. കെ.ടി. ജലീൽ രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

എം ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് കുംഭകോണവുമായി ബന്ധപ്പെട്ട്  പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയായിരുന്നു എന്നതാണ്  മാര്‍ക്ക് ദാനം പിന്‍വലിച്ച സിന്‍ഡിക്കേറ്റിന്റെ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കട്ടമുതല്‍ തിരിച്ച് കൊടുത്താല്‍ അത് കളവല്ലാതാകില്ലന്ന് മനസിലാക്കണം.   വളഞ്ഞ വഴി സ്വീകരിക്കാതെ കുട്ടികള്‍ക്ക് വീണ്ടും പരീക്ഷകള്‍ എഴുതാനുള്ള വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍  ഉണ്ടാക്കുകയാണ് വേണ്ടതെന്നാണ് പ്രതിപക്ഷം ആദ്യം മുതലെ  പറഞ്ഞത്.   ഈ മാര്‍ക്ക  ദാനവുമായി ബന്ധപ്പെട്ട്  ഞങ്ങള്‍ പറഞ്ഞ എല്ലാ  കാര്യങ്ങളും ശരിയാണ് എന്ന് സിണ്ടിക്കേറ്റിന്റെ ഈ തിരുമാനത്തിലൂടെ വ്യക്തമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍വ്വകലാശാലകളുടെ   സ്വയംഭരണത്തില്‍  മന്ത്രിയുടെ അനധികൃതമായ ഇടപടെലുകള്‍ നിരന്തരമായി വര്‍ധിക്കുകയാണ്. സര്‍വ്വകലാശാലകളുടെ സ്വയംഭരാണാധികാരത്തെ തകര്‍ക്കുന്ന രീതിയിലേക്ക്  മന്ത്രിയുടെ ഇടപടെലുകള്‍ നീളുന്നതിന്റെ രേഖകള്‍  ഒന്നൊന്നായി പുറത്ത് വരികയാണ്. അത് കൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജീലില്‍ ഒരു നിമിഷം വൈകാതെ  തല്‍സ്ഥാനം  രാജിവയ്കുകയും  മുഖ്യമന്ത്രി മുന്‍കൈ എടുത്ത്   ജൂഡീഷ്യല്‍  അന്വേഷണം  നടത്തുകയുമാണ് വേണ്ടത്.  മാര്‍ക്ക് ദാനവുും മന്ത്രിയുടെ  അനധികൃതമായ ഇടപെടലുമായി ബന്ധപ്പെട്ട്   പ്രതിപക്ഷം പറഞ്ഞ  കാര്യങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്ന്  ബോധ്യപ്പെട്ടിരിക്കുകയാണ്. അത് കൊണ്ടാണ് ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവയ്കണമെന്നും  ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നത്. മാര്‍ക്ക് കുംഭകോണം പോലുള്ള ക്രമക്കേടുകള്‍ പുറത്തു  കൊണ്ടുവരാനും  സര്‍ക്കാരിനെ കൊണ്ട് തിരുത്തിക്കാനും കഴിയുന്നത് പ്രതിപക്ഷത്തിന്റെ വിജയമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

താനൂരിലെ മുസ്‌ളീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ  ശക്തിയായി അപലപിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.  സി പി എമ്മിന്റെ  അറിയപ്പെടുന്ന നേതാക്കള്‍  ഈ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് അറിവായിട്ടുണ്ട്. അടയന്തിരമായി  പ്രതികളെ കണ്ടെത്താനും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

https://youtu.be/VKNWrqlqW7g