‘പിണറായിക്കും റിലയന്‍‌സ് പ്രേമം; സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് അനില്‍ അംബാനിയെ ഏല്‍പിച്ചത് വഞ്ചന’: രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, May 2, 2019

Ramesh-Chennithala-Protest-UDF

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്‍റെ നടത്തിപ്പ്  സ്വകാര്യ കുത്തക കമ്പനിയായ റിലയന്‍സിനെ ഏല്‍പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നടപടിയിലൂടെ ഇടതു സര്‍ക്കാര്‍ തനിനിറം കാട്ടിയിരിക്കുകയാണെന്നും അദ്ദേഹം  പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ പിണറായിക്കും റിലയന്‍സ് പ്രേമമാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

സ്വകാര്യ കുത്തകകള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും  തരംകിട്ടുമ്പോഴെല്ലാം അവയെ വാരിപ്പുണരുകയും ചെയ്യുന്ന കാപട്യമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷ്വറന്‍സ് കാര്യത്തിലും കാട്ടിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വഴിവിട്ട് റഫാല്‍ യുദ്ധവിമാനക്കരാര്‍ നല്‍കിയ അനില്‍ അംബാനിയുടെ കമ്പനിക്ക് തന്നെയാണ് പിണറായി സര്‍ക്കാരും കരാര്‍ നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും  പെന്‍ഷന്‍കാരുമായി 11 ലക്ഷത്തോളം പേരാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പിന് കീഴില്‍ വരുന്നത്. വര്‍ഷം 2 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് ഇതിലൂടെ ലഭിക്കുക. ഇതിനായി സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും 250 രൂപ വീതം നല്‍കണം. ഇത്  വഴി വര്‍ഷം 300 കോടിയിലേറെ രൂപയാണ് റിലയന്‍സിന്‍റെ ഇന്‍ഷ്വറന്‍സ് കമ്പനിയായ റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സിന്‍റെ പോക്കറ്റിലെത്തുക. ഇതിലൂടെ കോടികളുടെ ലാഭമാണ് റിലയന്‍സിന് ലഭിക്കാന്‍ പോകുന്നത്. പൊട്ടിപ്പൊളിഞ്ഞു നില്‍ക്കുന്ന അനില്‍ അംബാനിയുടെ കമ്പനിയെ സഹായിക്കാന്‍ നരേന്ദ്ര മോദി കാണിച്ച ഉത്സാഹം തന്നെയാണ് പിണറായി സര്‍ക്കാരും കാണിച്ചിരിക്കുന്നത്.

കരാര്‍ സംബന്ധിച്ച വിശദാംശം സര്‍ക്കാര്‍ ഇനിയും പുറത്തു വിടാത്തതും ഈ ഇടപാടിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ ഏറ്റവും കുറഞ്ഞ പ്രീമിയം തുക ക്വാട്ട് ചെയ്തത് റിയയന്‍സ് ആണെന്നും അതിനാലണ് റിലയന്‍സിന് കരാര്‍ നല്‍കിയതെന്നുമാണ് ഇത് സംബന്ധിച്ച ഉത്തരവില്‍ കാണുന്നത്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കിയതും ഇതേ പോലുള്ള ടെണ്ടര്‍ വിളിച്ച് തന്നെയാണ്. അതിനെ നഖശിഖാന്തം എതിര്‍ക്കുന്ന ഇടതു മുന്നണി സ്വന്തം ഭരണത്തിന് കീഴില്‍ അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. നേരത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ കയ്യില്‍ നിന്ന് പണം വാങ്ങാതെ അവര്‍ക്ക് പരിധി ഇല്ലാത്ത ചികിത്സാ സഹായം നല്‍കിയിരുന്നത് നിര്‍ത്തലാക്കിയിട്ടാണ് ജീവനക്കാരില്‍ നിന്ന് വിഹിതം വാങ്ങി കുത്തക കമ്പനിയെ ഏല്‍പിച്ച് സര്‍ക്കാര്‍ തടിയൂരുന്നത്. എന്നിട്ട് ഇത് വലിയ ക്ഷേമ പദ്ധതിയാണെന്ന് കൊട്ടിഘോഷിക്കുകയും  ചെയ്യുന്നു. എന്തുതരം ക്ഷേമമാണ് സര്‍ക്കാര്‍ ഇത് വഴി ലക്ഷ്യമാക്കുന്നതെന്ന് വിശദീകരിക്കണമെന്നും കരാറിന്‍റെ നിബന്ധനകളും വിശദാംശങ്ങളും പൂര്‍ണമായി വെളിപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.