യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകനെ മർദിച്ച സംഭവം : അക്രമികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് രമേശ് ചെന്നിത്തല

യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു പ്രവർത്തകനെ മർദിച്ചവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോളേജിലും ഹോസ്റ്റലിലും പാർട്ടിയുടെ ഒത്താശയോടെ നടക്കുന്ന എസ്.എഫ്.ഐയുടെ ഗുണ്ടായിസം അവസാനിപ്പിക്കണം. സാമൂഹിക വിരുദ്ധരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരിക്കേറ്റ നിതിൻ രാജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.യു യൂണിറ്റ് ഭാരവാഹിയും സജീവ പ്രവർത്തകനുമായ നിതിൻ രാജിന് നേരെയാണ് എസ്.എഫ്.ഐ അക്രമം ഉണ്ടായത്. രണ്ടാം വർഷ എം.എ വിദ്യാർത്ഥിയായ നിതിനെ ഇന്നലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദിക്കുകയായിരുന്നു.

യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിക്കാൻ മുമ്പിൽ നിന്നതുകൊണ്ടും, കെ.എസ്.യുക്കാരനായിട്ടും യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ താമസിക്കാൻ ധൈര്യം കാണിച്ചതുമാണ് എസ്.എഫ്.ഐക്കാരുടെ അക്രമത്തിന് പിന്നില്‍. എസ്.എഫ്.ഐ നേതാവായ മഹേഷിന്‍റെ നേതൃത്വത്തിലായിരുന്നു ജിതിനെ ക്രൂരമായി മർദിച്ചത്.

Ramesh ChennithalaKSUsfi
Comments (0)
Add Comment