ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ കൊടിയ അഴിമതികളെക്കുറിച്ചും മറ്റിടപാടുകളെക്കുറിച്ചും സിബിഐ അന്വേഷിക്കണം: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, October 22, 2022

തിരുവനന്തപുരം: ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ കൊടിയ അഴിമതികളെക്കുറിച്ചും നാണം കെട്ട മറ്റിടപാടുകളെക്കുറിച്ചും കോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

രണ്ടാം മന്ത്രിസഭയിൽനിന്ന് പഴയ മന്ത്രിമാരെ പൂർണ്ണമായും ഒഴിവാക്കിയതെന്തിനെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വൻ അഴിമതികൾ താൻ പ്രതിപക്ഷനേതാവായിരിക്കെ പുറത്തു കൊണ്ടുവരികയും തുടർന്ന് അതിൽ പല കാര്യങ്ങളിൽനിന്നും സർക്കാർ പിന്നോട്ടുപോകുകയും ചെയ്തത് നാം കണ്ടതാണ്. എന്നാൽ അന്ന് വേണ്ടെന്നു വെച്ച അഴിമതി നിറഞ്ഞ പദ്ധതികൾ രണ്ടാം പിണറായി സർക്കാർ ഇപ്പോൾ രഹസ്യമായി നടപ്പിലാക്കിത്തുടങ്ങിയിരിക്കുകയാണ്.

ഇതിന്‍റെയെല്ലാം പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ആണെന്ന് അന്ന് താൻ പറഞ്ഞപ്പോർ അന്തിപ്പത്രസമ്മേളനത്തിലിരുന്നു പ്രതിപക്ഷനേതാവിനെയും പ്രതിപക്ഷത്തെയുo മുഖ്യമന്ത്രി കളിയാക്കുകയും പുച്ഛിച്ചു തള്ളുകയുമാണ് ചെയ്തത്. എന്നാൽ ഈ അഴിമതികളിലെല്ലാം മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തൽ ഏവരേയും ഞെട്ടിപ്പിക്കുന്നതാണ്. ശിവശങ്കറുമായി ഏറെ അടുപ്പം പുലർത്തിയ ഒരാളിന്‍റെ പുതിയ വെളിപ്പെടുത്തലുകൾ തീർച്ചയായും അന്വേഷിക്കേണ്ടതുതന്നെയാണ്. അന്ന് പ്രതിപക്ഷം കയ്യോടെ പിടിച്ച അഴിമതികൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്ന വെളിപ്പെടുത്തലും ഗൗരവമായി അന്വേഷിക്കണം.

കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിയായ ശിവശങ്കറെ തിടുക്കത്തിൽ തിരിച്ചെടുത്തതിന്‍റെയും, സംരക്ഷണം നൽകുന്നതിന്‍റെയും പിന്നിലെ രഹസ്യം ഇപ്പോൾ ജനങ്ങൾക്ക് പൂർണ്ണമായും ബോധ്യമായി. ഇത്രയും ആയിട്ടും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന ഈ കേസ് എവിടെയും എത്താത്തതിനു പിന്നിൽ ബിജെപി-സിപിഎം ബന്ധമാണെന്ന് വ്യക്തമാവുകയാണ്. അതുകൊണ്ട് ഈ വെളിപ്പെടുത്തലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കുകയാണ്‌ വേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.