ഇടമലക്കുടിയ്ക്ക് പ്രതീക്ഷയുടെ വെളിച്ചമേകി രമേശ് ചെന്നിത്തലയുടെ സന്ദർശനം

Jaihind News Bureau
Friday, January 3, 2020

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടമലക്കുടി സന്ദർശനം ചരിത്രത്തിന്‍റെ ഭാഗമായി മാറുകയാണ്. ആദിവാസി ഗോത്ര വിഭാഗത്തിൽ പെട്ട മുതുവാൻ സമുദായക്കാർ മാത്രം താമസിക്കുന്ന കുടികളിൽ നേരിട്ടെത്തി അവരുടെ ആവലാതികൾ കേട്ടറിഞ്ഞത് വേറിട്ട അനുഭവമാണ്. പുതുവൽസരദിനത്തിലെ രമേശ് ചെന്നിത്തലയുടെ സന്ദർശനം ഇല്ലായ്മകളുടെ ഇടമലക്കുടിയ്ക്ക് പ്രതീക്ഷയുടെ വെളിച്ചമാണ് നൽകിയത്.

ഇത്തവണത്തെ പുതുവത്സരദിനം തിരക്കുകൾക്ക് അവധി നൽകി പ്രതിപക്ഷനേതാവ് എത്തിയത് ഇന്ത്യയിലെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആദിവാസികൾക്കൊപ്പമാണ്. ദുർഘടമായ വനപാതയിലൂടെ ഏറെ ക്ലേശം സഹിച്ച് മണിക്കൂറുകൾ യാത്ര ചെയ്ത് കുടിയിലെത്തിയ ചെന്നിത്തലയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് മുതുവാൻ വിഭാഗത്തിൽപ്പെട്ട ഗിരിവർഗക്കാർ നൽകിയത്. പ്രതിപക്ഷ നേതാവിന്‍റെ വരവ് ചരിത്രത്തിന്‍റെ ഭാഗമാവുമെന്ന് ഡീൻ കുര്യാക്കോസ്.എം.പി. പറഞ്ഞു.

എംപി ഫണ്ടിൽ നിന്നും 66 ലക്ഷം രൂപ പ്രതിപക്ഷ നേതാവിന്‍റെ നിർദ്ദേശം അനുസരിച്ച് ഇടമലക്കുടിയിൽ സ്‌കൂൾ കെട്ടിടം നിർമിക്കുന്നതിന് അനുവദിച്ചതായും എംപി വ്യക്തമാക്കി. മൂന്നാറിൽ നിന്നും പെട്ടി മുടിയിലെത്തി ഇരുപത്തിനാലു കിലോമീറ്റർ കാനനപാത താണ്ടിയെത്തിയ പ്രതിപക്ഷ നേതാവ് ഗതാഗത സൗകര്യമൊരുക്കുന്നതിന് നേതൃത്വം നൽകുമെന്ന ഉറപ്പും നൽകി.

ലഭിച്ച നിവേദനങ്ങൾക്കും പരാതികൾക്കും ഉടനടി പരിഹാരം നിർദ്ദേശിച്ചും നേരിട്ട് പരിഹരിക്കേണ്ടത് പരിഹരിച്ചുമാണ് ജനകീയ നേതാവ് ഇടമലക്കുടിയിൽ നിന്നും മടങ്ങിയത്.

പോളിടെക്ക്നിക്ക് വിദ്യാര്‍ത്ഥിയായ മകന്‍ കണ്ണന് പഠന അവശ്യത്തിനായി ഒരു ലാപ്ടോപ്പ് വേണമെന്ന് ആവശ്യപ്പെട്ട പിതാവിന്‍റെ ആഗ്രഹവും രമേശ് ചെന്നിത്തല സാധിച്ചു നല്‍കി. മടക്കയാത്രയില്‍ കണ്ണനെ ഒപ്പം കൂട്ടിയ അദ്ദേഹം കണ്ണന്‍റെ പിതാവിന് വേദിയില്‍ വാക്ക് നല്‍കിയത് പോലെ മൂന്നാർ ഗസ്റ്റ് ഹൗസ്സിൽ വെച്ച് ലാപ്ടോപ്പ് കൈമാറി.

ഇടമലക്കുടിക്കാരുടെ സ്വന്തം ഭാഷയായ മുതുവാൻ ഭാഷയിൽ കവിത എഴുതി, “പച്ചവീട്” എന്ന കവിതയിലൂടെ ഇന്ത്യൻ സാഹിത്യ രംഗത്ത് സ്വന്തം പേരെഴുതി ചേർത്ത കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ അശോകൻ മറയൂരിനെ രമേശ് ചെന്നിത്തല ആദരിച്ചു. ഇടമലക്കുടിയിലെ ആദിവാസി ഊരിൽ നിന്നുള്ള ഈ കവിയുടെ കവിതകൾ ഇപ്പോൾ കാലിക്കറ്റ് സർവകലാശാലയിലെ സിലബസിന്‍റെ ഭാഗമാണെന്നും പത്ത് ഗവേഷകർ ഇപ്പോൾ ഇദ്ദേഹത്തിന്‍റെ രചനകളെ അടിസ്ഥാനമാക്കി ഗവേഷണം നടത്തുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പുതുവത്സരദിനം ആഘോഷത്തിന് മാറ്റേകി അശോകൻ മറയൂർ സ്വന്തം കവിതയും പാടി.