സംസ്ഥാനത്ത് ബിജെപി-എൽഡിഎഫ് വിരുദ്ധതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിന്‍റെ പോസ്റ്റൽ വോട്ടിലെ ക്രമക്കേടിൽ തെരെഞ്ഞെടുപ്പ് കമ്മീഷന് തെളിവ് സഹിതം പരാതി നൽകും. സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പിൽ അധികാര ദുർവിനിയോഗം നടത്തിയെന്നും ലാവലിൻ കമ്പനിക്ക് വേണ്ടി മണിയടിക്കാനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയതെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു തെരെഞ്ഞെടുപ്പിലെ ഫലമറിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ യു.ഡി.എഫ് അവലോകന യോഗം ചേർന്നത്. അന്തരിച്ച കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിക്ക് അനുശോചനം രേഖപ്പെടുത്തിയായിരുന്നു യോഗനടപടികൾ ആരംഭിച്ചത്. കള്ളവോട്ട് വിഷയവും പോസ്റ്റൽ വോട്ടിലെ ക്രമക്കേടും യോഗത്തിൽ ചർച്ചയായി. അതേ സമയം സിപിഎമ്മിനെതിരെ കള്ളവോട്ട് വിഷയത്തിൽ നിയമനടപടികൾ സംബന്ധിച്ചും യോഗത്തിൽ തീരുമാനമായി. സർക്കാരിന്റെ ഒത്താശയോടെ ലക്ഷക്കണക്കിന് പേരെ വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കി. പോസ്റ്റൽ വോട്ടിലെ ക്രമക്കേട് അതീവ ഗുരുതര പ്രശ്നമാണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം മസാല ബോണ്ട് സംസ്ഥാനത്ത് വലിയ സാമ്പത്തികഭാരം അടിച്ചേൽപ്പിക്കും. ലാവലിൻ കമ്പനിയെ സഹായിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കുന്നത്ത് നാട്ടിൽ 15 ഏക്കർ ഭൂമി നികത്തിയത് റവന്യൂ മന്ത്രി നോക്കുകുത്തിയാക്കിയാണെന്നും റവന്യൂ മന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഭൂമികൾ നികത്തുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കള്ളവോട്ട് സിപിഎമ്മിന്‍റെ ആചാരമാണെന്നും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു.