പിണറായി സർക്കാർ 9 മാസത്തിനിടെ അനുവദിച്ചത് 70 ബാറുകള്‍; കോടികളുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തല

Saturday, October 5, 2019

Ramesh-Chennithala

കേരളത്തിൽ കഴിഞ്ഞ 9 മാസത്തിനുള്ളിൽ സംസ്ഥാനത്ത് 70 ബാറുകൾ അനുവദിച്ചതിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അപേക്ഷിക്കുന്നവർക്കെല്ലാം ബാറുകൾ അനുവദിക്കുന്നത് കോഴ വാങ്ങിയതുകൊണ്ടാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബാറുടമകളുമായി ഉണ്ടാക്കിയ അവിശുദ്ധ കരാർ അനുസരിച്ചാണ് ബാറുകൾ തുറക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അടച്ചുപൂട്ടിയ എല്ലാ ബാറുകളും പിണറായി സർക്കാർ തുറക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി ബാറുടമകളുമായി ഉണ്ടാക്കിയ അവിശുദ്ധ കരാറനുസരിച്ചാണ് ഇതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വർഷംതോറും 10 ശതമാനം ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടച്ചുപൂട്ടണമെന്ന യു.ഡി.എഫ് സർക്കാരിന്‍റെ തീരുമാനം ഇടതുമുന്നണി തുടക്കത്തില്‍ തന്നെ അട്ടിമറിച്ചു. ഇടതുമുന്നണി സർക്കാര്‍ മദ്യവില്‍പനയ്ക്കായി കൂടുതല്‍ കൌണ്ടറുകള്‍ തുറക്കുകയും വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും 50 മീറ്റര്‍ അടുത്തുവരെ മദ്യശാലകള്‍ അനുവദിക്കുകയും ചെയ്തു. ഇപ്പോള്‍ കൂട്ടത്തോടെ ബാറുകള്‍ തുറന്നത് തെരഞ്ഞെടുപ്പിന് ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടിയാണെന്നും ഇതിനുപിന്നിലെ വലിയ അഴിമതി അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇടുക്കിയിൽ കെ.എസ്.ഇ.ബിയുടെ 21 ഏക്കർ ഭൂമി മന്ത്രി എം.എം മണിയുടെ മരുമകന് പാട്ടത്തിന് നൽകാൻ ഇത് മന്ത്രിയുടെ തറവാട്ട് സ്വത്തല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇടുക്കി ജില്ലയില്‍ പൊന്മുടി അണക്കെട്ടിന് സമീപം കെ.എസ്.ഇ.ബിയുടെ കൈവശമുള്ള 21 ഏക്കർ ഭൂമിയാണ് മന്ത്രിയുടെ മരുമകന് പാട്ടത്തിന് നല്‍കിയത്. മന്ത്രി എം.എം മണിയുടെ മരുമകന്‍ കുഞ്ഞുമോന്‍ പ്രസിഡന്‍റായ രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് പാട്ടത്തിന് നല്‍കുകയായിരുന്നു.  മന്ത്രിയുടെ സഹോദരനെക്കുറിച്ചും നേരത്തെ കയ്യേറ്റ ആരോപണം ഉയർന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം രാത്രിയില്‍ നടത്തിയ റോഡ് അറ്റകുറ്റപ്പണി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഷാനിമോള്‍ ഉസ്മാന്‍ ചെയ്തത്. ഇതിനെതിരെയാണ് ഷാനിമോള്‍ക്കെതിരെ കേസെടുത്തത്. പരാജയഭീതി കാരണമാണ് ഇടതുമുന്നണി ഇത്തരത്തില്‍ അതിക്രമങ്ങള്‍ കാട്ടുന്നത്. ഇതുകൊണ്ടൊന്നും അരൂരില്‍ ജയിക്കാമെന്ന് സി.പി.എം വ്യാമോഹിക്കേണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേ സമയം രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായെന്നും, മോദി ഭരണത്തെ വിമർശിക്കുന്നവർ ജയിലില്‍ അടക്കപ്പെടുകയാണെന്നും  രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.