അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടി പിന്‍വലിക്കണം; മോദി രാജ്യത്തെ അപരിഷ്‌കൃത്വത്തിലേക്ക് തള്ളിയിടുന്നു : രമേശ് ചെന്നിത്തല

Jaihind News Bureau
Friday, October 4, 2019

Rameshchennithala

തിരുവനന്തപുരം: രാജ്യത്ത് നടമാടുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കും, വളര്‍ന്ന് വരുന്ന അസഹിഷ്ണുതക്കും എതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നാല്‍പ്പത്തൊമ്പത് പ്രമുഖ വ്യക്തിത്വങ്ങള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടി ഭീതിജനകവും, നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ തകര്‍ക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വിമര്‍ശനവും, വിയോജിപ്പുമാണ് ഒരു ബഹുസ്വര , ജനാധിപത്യ സമൂഹത്തിന്‍റെ ജീവനാഡികള്‍. തന്നെ വിമര്‍ശിക്കണമെന്ന് പ്രതിപക്ഷത്തോടും രാഷ്ട്രീയ എതിരാളികളോടും അങ്ങോട്ട് ആവശ്യപ്പെട്ട പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലുള്ള പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്ന നാടാണിത്. വിയോജിക്കുന്നവരെ അത്യന്തം ബഹുമാനിക്കുന്ന പാരമ്പര്യമാണ് ചരിത്രാതീത കാലം മുതല്‍ക്കെ ഇന്ത്യ പിന്തുടര്‍ന്ന് വന്നത്. എന്നാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ഈ രാഷ്ട്രത്തിന്‍റെ അടിസ്ഥാന ശിലകളെ മുഴുവന്‍ തച്ച് തകര്‍ക്കുന്ന സമീപനമാണ് കൈക്കൊളളുന്നത്. നമ്മുടെ ഭരണഘടന ഇന്ത്യന്‍ പൗരന് നല്‍കിയിരിക്കുന്ന അഭിപ്രായ സ്വാതന്ത്രമടക്കമുള്ള എല്ലാ അവകാശങ്ങളെയും ഇല്ലാതാക്കി, എല്ലാ അര്‍ത്ഥത്തിലും ഒരു ഫാസിസ്റ്റ് ഭരണകൂടത്തെ രാജ്യത്ത് സ്ഥാപിക്കാനാണ് മോദിയും ആര്‍ എസ് എസും ശ്രമിക്കുന്നത്.

അടൂര്‍ ഗോപാലകൃഷ്ണനെയും,ശ്യാം ബനഗലിനെയും, മണിരത്‌നത്തെയുമൊക്കെപോലുള്ള വ്യക്തിത്വങ്ങള്‍ നമ്മുടെ സാംസ്‌കാരിക മേഖലക്ക് നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. അവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുക എന്നുവച്ചാല്‍ നമ്മുടെ രാഷ്ട്രത്തെ അപരിഷ്‌കൃത്വത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിടുക എന്നാണര്‍ത്ഥം. ഇവര്‍ക്കെതിരെ എടുത്ത രാജ്യദ്രോഹ കേസുകള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ആവിശ്യപ്പെട്ടു.