കളക്ടറുടെ ഉത്തരവ് അസാധുവാക്കി കുന്നത്തുനാട്ടിലെ വയല്‍ നികത്താന്‍ റവന്യൂ വകുപ്പ് നല്‍കിയ അനുമതി റദ്ദാക്കണം: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, May 4, 2019

പാടം നികത്തിയാണോ ഹരിത കേരളം പദ്ധതി നടപ്പാക്കുന്നത്? റവന്യൂ മന്ത്രിയും കൃഷി മന്ത്രിയും നിലപാട് വ്യക്തമാക്കണം

തിരുവനന്തപുരം: എറണാകുളത്ത് കുന്നത്തുനാട്ടില്‍ അനധികൃത നെല്‍വയല്‍ നികത്തല്‍ തടഞ്ഞ ജില്ലാ കളക്ടറുടെ ഉത്തരവ് അസാധുവാക്കി വീണ്ടും നികത്താന്‍ അനുവദിച്ചു കൊണ്ട് റവന്യൂ വകുപ്പ് നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നും ഇതില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നെല്‍കൃഷിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുമെന്ന് വാതോരാതെ പ്രസംഗിക്കുന്ന ഇടതു മുന്നണി സര്‍ക്കാര്‍ തന്നെ ജില്ലാകളക്ടറുടെ ഉത്തരവ് റദ്ദാക്കി നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കിയതിന് പിന്നില്‍ ആരുടെ താത്പര്യമാണ് പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാക്കണം.  അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം പോലും തള്ളി റവന്യൂ വകുപ്പ് അസാധാരണമായ ഈ നടപടി സ്വീകരിച്ചതിന് പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ട്. ഇക്കാര്യത്തില്‍ റവന്യൂ മന്ത്രിയും കൃഷി മന്ത്രിയും നിലപാട് വിശദീകരിക്കണം.

എറണാകുളം ജില്ലയിലെ കുന്നത്ത്‌നാട് വില്ലേജില്‍ 15 ഏക്കര്‍ നെല്‍വയല്‍ നികത്താന്‍ ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കി റവന്യൂ വകുപ്പ് അനുമതി നല്‍കിയെന്നാണ് പുറത്തു വന്നിട്ടുള്ള വാര്‍ത്ത. ഇങ്ങനെ നെല്‍വയല്‍ നികത്തിയാണോ  സംസ്ഥാനത്ത് ഹരിത കേരളം പദ്ധതി നടപ്പാക്കുന്നത്?  ഇവിടെ നിലം നികത്തലിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം നടന്നിരുന്നതാണ്. അതും വകവയ്ക്കാതെയാണ് സംസ്ഥാന നെല്‍വയല്‍  നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചു കൊണ്ട് പാടം നികത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഭരണത്തിന്  നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ഉറ്റസുഹൃത്തായ ഒരു വ്യവസായിയാണ് നിലംനികത്തലിന് പിന്നിലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഭരണക്കാരുടെ ഉറ്റവര്‍ക്ക് വേണ്ടി വഴി വിട്ട് എന്തും ചെയ്യും എന്ന അവസ്ഥയിലാണ് സര്‍ക്കാര്‍ എത്തി നിലനില്‍ക്കുന്നത്.  ഇത് സംബന്ധിച്ച  എല്ലാ വിശദാംശങ്ങളും പുറത്തു കൊണ്ടു വരുന്നതിന് ഉന്നത തല അന്വേഷണം അത്യാവശ്യമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.