കിഫ്ബിയിലും കിയാലിലും സി.എ.ജി ഓഡിറ്റ് വേണം : രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്‍കി

Jaihind Webdesk
Thursday, October 3, 2019

Ramesh-Chennithala

 

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളായ കിയാലിലും കിഫ്ബിയിലും സമഗ്രമായ ഓഡിറ്റ് നടത്താന്‍ സി.എ.ജിക്ക് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്‍കി. കിഫ്ബിയെക്കുറിച്ചും കിയാലിനെക്കുറിച്ചു ഉയര്‍ന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്താനും, ജനങ്ങളുടെ നികുതിപ്പണം ശരിയായ രീതിയില്‍ വിനിയോഗിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന സി.എ.ജി ഓഡിറ്റ് അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.  അറിയാനുള്ള  അവകാശം മൗലികാവകാശമായി  ഉറപ്പ് നല്‍കിയിരിക്കുന്ന ഇന്ത്യന്‍   ഭരണഘടനയുടെ  മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സി.എ.ജി ഓഡിറ്റ് കൂടിയേ കഴിയൂ.  ഇത് തെരഞ്ഞെടുത്ത ജനങ്ങളോടുള്ള ഭരണകൂടത്തിന്‍റെ  പ്രതിബദ്ധതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കിഫ്ബിയുടെ ഓഡിറ്റ് സംബന്ധിച്ച് സി.എ.ജി  സര്‍ക്കാരിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ട പ്രകാരമുള്ള സി.എ.ജി, ഡി.പി.സി നിയമത്തിലെ 20 (2) വകുപ്പ്  പ്രകാരം സമ്പൂര്‍ണ ഓഡിറ്റ് അനുമതി നല്കാന്‍ സര്‍ക്കാര്‍ തയാറാകണം. സി.എ.ജി നിയമത്തിലെ 14 (1) അനുസരിച്ച് ഓഡിറ്റിംഗ് നടത്താന്‍ സി.എ.ജിക്ക്  അവകാശമുണ്ടെന്ന  സര്‍ക്കാര്‍ വാദം തെറ്റിദ്ധാരണ പരത്തുന്നതിന് വേണ്ടിയുള്ളതാണ്. 14(1) സര്‍ക്കാര്‍ ഗ്രാന്‍റുകളില്‍ മാത്രമേ പരിമിതമായ ഓഡിറ്റിംഗ് നടത്താന്‍ കഴിയൂ എന്ന് സി.എ.ജി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ലെങ്കില്‍ സി.എ.ജി ഓഡിറ്റിംഗിനെ തടയുന്നതെന്തിന് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപങ്ങള്‍ക്കും കൂടി 65 ശതമാനത്തിലേറെ ഓഹരിയുള്ള കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ല എന്ന വിചിത്രമായ വാദം ഉയര്‍ത്തുന്നതിന് കാരണം മുഖ്യമന്ത്രി  പരിശോധിക്കണം. കിയാലില്‍ നടക്കുന്ന അനധികൃതമായ നിയമനങ്ങളും അഴിമതിയും പുറത്തുവരുമെന്ന പേടികൊണ്ടാണ് ഭരണഘടനാ സ്ഥാപനമായ സി.എ.ജി യുടെ ഓഡിറ്റ് കിയാല്‍ നിഷേധിക്കുന്നത് എന്ന ന്യായമായ  സംശയം പൊതുജനമധ്യത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സംശയം ദൂരീകരിക്കാനും കിയാലില്‍ സി.എ.ജി ഓഡിറ്റ് നടപ്പിലാക്കാനും മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.