സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി സിപിഎമ്മിനെ ചട്ടുകമാക്കുന്നു : രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, November 21, 2020

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി സിപിഎമ്മിനെ ചട്ടുകമാക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സിപിഎം നടത്തുന്ന സമരങ്ങൾ ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സിഎജി റിപ്പോർട്ടിൽ ധനമന്ത്രി സ്വയം അപഹാസ്യനായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം, തനിക്കെതിരെ ഉയർന്ന ബാർകോഴ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണ്. സംഘടിതമായ നീക്കമാണ് ഇതിനായി സിപിഎമ്മും സര്‍ക്കാരും നടത്തുന്നത്. നിയമാനുസൃതമായ അന്വേഷണത്തെ അട്ടിമറിക്കുകയാണ്. ഇതിന് നിയമസഭയെയും ഉപയോഗിക്കുന്നു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെ കേസുകളില്‍ കുടുക്കാന്‍ ബാര്‍ കോഴ വരെ പൊടിതട്ടിയെടുക്കുയാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് ഏത് അന്വേഷണത്തെയും രാഷ്ട്രീയമായി നേരിടാന്‍ യുഡിഎഫ് തീരുമാനം.