‘അടുത്ത സുഹൃത്ത്, വേർപാട് തീരാനഷ്ടം’; അനുശോചിച്ച് രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, October 27, 2022

മുൻ കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ മുന്‍ ഡിസിസി പ്രസിഡന്‍റുമായ സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. കണ്ണൂരിലെ കമ്യൂണിസ്റ്റ്‌ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച സതീശൻ പാച്ചേനി ഒട്ടേറെ പ്രതിബന്ധങ്ങളെ നേരിട്ടുകൊണ്ടാണ് കോൺഗ്രസ് പാർട്ടിയുടെ ശക്തനായ നേതാവായി ഉയർന്നുവന്നത്. സത്യസന്ധതയും ആത്മാർത്ഥതയും ആയിരുന്നു കൈമുതൽ. പ്രവർത്തകരുടെ സ്നേഹവും ആദരവുമാർജിച്ച സതീശൻ പാച്ചേനി കണ്ണൂരിൽ അഭിമാനാർഹമായ നിലയിൽ പാർട്ടി ജില്ലാ ആസ്ഥാനമന്ദിരവും പടുത്തുയർത്തിയിട്ടാണ് സ്ഥാനമൊഴിഞ്ഞത്. വ്യക്തിപരമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആ സുഹൃത്തിന്‍റെ വേർപാട് വലിയൊരു നഷ്ടം തന്നെയാണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.