അയ്യപ്പഭക്തർക്ക് കുടിവെള്ളമില്ല, ചികിത്സാ സൗകര്യങ്ങൾ ഇല്ല; സർക്കാരിന്‍റേത് കുറ്റകരമായ അനാസ്ഥയെന്ന് രമേശ് ചെന്നിത്തല

 

പത്തനംതിട്ട: ശബരിമല തീർത്ഥാടകരോട് സർക്കാർ കാട്ടുന്നത് കുറ്റകരമായ അനാസ്ഥയെന്ന് രമേശ് ചെന്നിത്തല. ശബരിമല ഇടത്താവളം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിയന്ത്രിതമായ തിരക്കിൽ അയ്യപ്പൻ മാർ ബുദ്ധിമുട്ടുമ്പോൾ ദേവസ്വം മന്ത്രി സന്ദർശനം നടത്താത്തത് കൃത്യവിലോപമാണ്. യുഡിഎഫ് സംഘം ശബരിമലയിൽ സന്ദർശനം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അയ്യപ്പൻമാർക്ക് കുടിവെള്ളം ലഭിക്കുന്നില്ല. വിരിവെക്കാൻ സൗകര്യമില്ല. ചികിത്സാ സൗകര്യങ്ങൾ ഇല്ല. പലരും ദർശനം നടത്താതെ മടങ്ങുന്ന സാഹചര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തിൽ ദേവസ്വം മന്ത്രി ശബരിമലയിൽ എത്താത്തത് കൃത്യവിലോപമാണ്. മുഖ്യമന്ത്രിക്ക് ശബരിമലയോടുള്ള അവജ്ഞ തീർന്നിട്ടില്ല. അയ്യപ്പന്മാർ ദുരിതം പേറുന്ന സാഹചര്യത്തിൽ യുഡിഎഫ് സംഘം ശബരിമല സന്ദർശിച്ച് പ്രശ്നങ്ങൾ മനസിലാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്നും ശബരിമലയിൽ തിരക്ക് തുടരുകയാണ്. അവധി ദിനങ്ങൾ വരുന്നതിനാൽ മണ്ഡലകാലം വലിയ തിരക്കിലേക്കാണ് നീങ്ങുന്നത്. തിരുപ്പതി മോഡൽ ക്യൂ എന്നതെല്ലാം വെറുതെയാകുന്ന കാഴ്ചയാണ് ശബരിമലയിലുള്ളത്. ദർശനത്തിനായി 20 മണിക്കൂർ വരെ അയ്യപ്പൻമാർ ക്യൂ നിൽക്കുന്ന സാഹചര്യത്തിന് പരിഹാരമില്ല. നിലയ്ക്കലിലേക്ക് നിയന്ത്രണത്തോടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. അയ്യപ്പഭക്തർ കടുത്ത ബുദ്ധിമുട്ട് നേരിടുമ്പോഴും സർക്കാർ സംവിധാനങ്ങള്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Comments (0)
Add Comment