ബൗദ്ധിക വൈകല്യമുള്ള വ്യക്തികളുടെ ശാക്തീകരണത്തിനായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റീജിയണൽ സെന്‍റർ കാസർകോട് സ്ഥാപിക്കണം : രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

Jaihind News Bureau
Tuesday, December 3, 2019


കാസർഗോഡിലെ ബൗദ്ധിക വൈകല്യമുള്ള വ്യക്തികളുടെ ശാക്തീകരണത്തിനുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റീജിണൽ സെന്റർ കാസർകോട് സ്ഥാപിക്കണമെന്ന് കാസർകോട് എം.പി. ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ പാർലിമെന്റിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിൽ വരുന്ന എൻഐഇപിഐഡിക്ക് നിലവിൽ നോയിഡ / ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ മൂന്ന് പ്രാദേശിക കേന്ദ്രങ്ങളുണ്ട്. എൻഡോസൾഫാൻ കീടനാശിനി പ്രയോഗം മൂലം കാസർകോട് ജില്ലയിൽ ബൗദ്ധിക വൈകല്യം അനുഭവിക്കുന്ന നിരവധി ആളുകൾ ഉണ്ടെന്നും അവരുടെ ജീവിത നിലവാരത്തിന്റെ ഉന്നമനത്തിന് എൻഐഇപിഐഡി സ്ഥാപിക്കണമെന്ന് എം.പി. അഭിപ്രായപ്പെട്ടു. പെരിയ, കുറ്റിക്കോൽ, മൊഗ്രൽ പുത്തൂർ, ചെങ്കള ഗ്രാമപഞ്ചായത്തുകൾ, കാസറഗോഡ് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ അക്കര ഫൗണ്ടേഷൻ എന്ന പ്രാദേശിക എൻ‌ജി‌ഒ നടത്തിയ സർവേ പ്രകാരം 197 പേർ മാനസിക വൈകല്യമുള്ളവരാണെന്നും, 27 പേർ സെറിബ്രൽ പാൾസിയിൽ നിന്നും 4 ഓട്ടിസത്തിൽ നിന്നും ദുരിതമനുഭവിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

അതിനാൽ തന്നെ കാസർഗോഡിൽ ബൗദ്ധിക വൈകല്യമുള്ള വ്യക്തികളുടെ ശാക്തീകരണത്തിനായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റീജിയണൽ സെന്റർ കാസർകോട് സ്ഥാപിക്കേണ്ടത് (എൻഐഇപിഐഡി) വളരെ അനിവാര്യമാണെന്നും എത്രയും പെട്ടെന്ന് അത് സ്ഥാപിച്ചു കിട്ടാനുള്ള നടപടികൾ സ്വീകരിക്കണം എന്നും എം.പി.പാർലിമെന്റിൽ പറഞ്ഞു. ലോക വികലാംഗ ദിനത്തിലായിരുന്നു പ്രസ്തുത വിഷയത്തിൽ എം.പി.യുടെ ശൂന്യവേള പ്രസംഗം എന്നതും ശ്രദ്ധേയമായി.