കൊച്ചി നഗരത്തിലെ വിവിധ ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വിവിധ ഏജന്‍സികളുടെ വ്യാപക പരിശോധന. വിവിധ സബ് ഡിവിഷനുകള്‍ക്ക് കീഴിലെ ഹോട്ടലുകളിലെ നിശാപാര്‍ട്ടികളിലാണ് പരിശോധന നടന്നത്. പരിശോധനയില്‍ മയക്കുമരുന്നും കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കള്‍ പിടികൂടി. സംഭവത്തില്‍ ഡിസ്കോ ജോക്കിയടക്കം നാല് പേരുടെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി. കൊച്ചിയിലെ അഞ്ച് ഹോട്ടലുകളിലായിരുന്നു പരിശോധന.
എക്സൈസ്, കസ്റ്റംസ്, നര്‍ക്കോട്ടിക് സെല്‍ എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു റെയ്ഡ്. മയക്കുമരുന്ന് ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടത്തുകയായിരുന്നു ലക്ഷ്യം. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, തൃക്കാക്കര എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന നടന്നത്. ആലുവ സ്വദേശിയും ബംഗളുരുവില്‍ സ്ഥിരതാമസക്കാരനുമായ ഡിസ്‌കോ ജോക്കി അന്‍സാര്‍, നിസ്വിന്‍, ജോമി ജോസ്, ഡെന്നിസ് റാഫേല്‍ എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 11.40 നായിരുന്നു കൊച്ചിയിലെ അഞ്ച് ആഡംബര ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയത്. റെയ്ഡ് പുലര്‍ച്ചെ 3.45 വരെ നീണ്ടു. നിശാ പാര്‍ട്ടികളില്‍ വ്യാപകമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പാര്‍ട്ടികളിലെത്തിയവരുടെ കൈയില്‍ ലഹരിമരുന്നുണ്ടോ എന്നായിരുന്നു ആദ്യം പരിശോധിച്ചത്.