സമ്മർദ്ദങ്ങളില്ലാതെ സാധാരണക്കാർക്കൊപ്പം സിനിമ കണ്ട് രാഹുല്‍; വീഡിയോ വൈറലാകുന്നു

Jaihind Webdesk
Saturday, July 6, 2019

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത്നിന്ന് രാജിവച്ച ബുധനാഴ്ച രാഹുല്‍ ഗാന്ധി വി ഐ പി സുരക്ഷയോ മറ്റ് തിരക്കുകളോ ഇല്ലാതെ സിനിമ തിയറ്ററിലെത്തിയതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.   ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ച് പറയുന്ന ആര്‍ട്ടിക്കിള്‍15 സിനിമ കാണാനാണ് ഔദ്യോഗിക സമ്മർദ്ദങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി എത്തിയത്.  ദില്ലിയിലെ പിവിആര്‍ ചാണക്യ തിയറ്ററില്‍ സിനിമ കാണാനെത്തിയവരോട് അദ്ദേഹം സംസാരിക്കുന്നതും  പോപ്‌കോണ്‍ കഴിക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ഉത്തരേന്ത്യയിലെ ജാതിക്കൊലകളു കഥ പറയുന്ന ചിത്രമാണ് ‘ആര്‍ട്ടിക്കിള്‍ 15′.  ‘മുല്‍ക്ക്’എന്ന ചിത്രത്തിന് ശേഷം അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.   ഉത്തര്‍പ്രദേശിലെ ബദൗനില്‍ 2014 ല്‍ കൂലി കൂട്ടിച്ചോദിച്ച രണ്ട് ദലിത് പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ചിത്രത്തിനെതിരെ ബ്രാഹ്മണ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.