പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ; മോദിക്ക് നുണ പറയാൻ നാണമില്ലേയെന്നും രാഹുൽ

Monday, March 4, 2019

പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ.  അമേഠിയിൽ പ്രധാനമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്ത ആയുധ ഫാക്ടറി 2010ൽ താൻ തറക്കല്ലിട്ടതെന്ന് രാഹുൽ ഗാന്ധി. മോദിക്ക് നുണ പറയാൻ നാണമില്ലേയെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

അമേത്തിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആയുധഫാക്ടറി ഉദ്ഘാടനം ചെയ്തതിനെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 2010ൽ താൻ തറക്കല്ലിട്ട ആയുധഫാക്ടറിയാണിത്.  ചില വർഷങ്ങളായി  ചെറിയ തോതിൽ ആയുധങ്ങളുടെ ഉത്പാദനവും അവിടെ നടക്കുന്നുണ്ട്. അത് മറച്ചുവച്ച് കള്ളം പറയാൻ നാണമില്ലേ എന്ന് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.

രാഹുൽഗാന്ധിയുടെ ലോക്‌സഭാമണ്ഡലത്തിൽ റഷ്യ- ഇന്ത്യ സംയുക്ത സംരംഭമായി എകെ -203 റൈഫിളുകളുടെ നിർമാണ യൂണിറ്റിനാണ് മോദി കല്ലിട്ടത്. നിർദിഷ്ട ഫാക്ടറിയിൽ നിന്നുള്ള തോക്കുകൾ ‘മെയ്ഡ് ഇൻ അമേത്തി’ എന്നറിയപ്പെടുമെന്നു മോദി പറഞ്ഞിരുന്നു. ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷനെതിരെ പ്രധാനമന്ത്രി വിമർശവും ഉന്നയിച്ചിരുന്നു.

2007ൽ രാഹുൽ ഗാന്ധി ഈ ഫാക്ടറിക്ക് തറക്കല്ലിട്ടു. 2010 ൽ ഫാക്ടറിയുടെ പ്രവർത്തനം തുടങ്ങുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, എന്ത് ആയുധം നിർമിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മുൻ സർക്കാരിന് സാധിച്ചില്ലെന്നും മോദി വിമർശിച്ചിരുന്നു.