പുൽവാമയില്‍ വീരമൃത്യുവരിച്ച വസന്തകുമാറിന്‍റെ പാവനസ്മരണയ്ക്ക് മുന്നിൽ കൂപ്പുകയ്യുമായി രാഹുല്‍

Jaihind Webdesk
Friday, March 15, 2019

പുൽവാമയിലെ ഭീകരാക്രമണത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാൻ വസന്തകുമാറിന്‍റെ പാവനസ്മരണയ്ക്ക് മുന്നിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ആദരാഞ്ജലി അർപ്പിച്ചു. കോഴിക്കോട് ജനമഹാറാലിയ്ക്ക് തുടക്കം കുറിക്കുന്നതിന് മുൻപ് വേദിയിൽ പ്രത്യേകം തയാറാക്കിയ സ്‌മൃതിമണ്ഡപത്തിലാണ് അദ്ദേഹം പുഷ്പാർച്ചന നടത്തിയത്.

കേരള സന്ദര്‍ശനത്തിനിടെ വയനാട്ടില്‍ എത്തി വസന്തകുമാറിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ആഗ്രഹത്തിന് വിലങ്ങ്തടിയായത് മാവോയിസ്റ്റ് സാന്നിദ്ധ്യമാണ്.  മാവോയിസ്റ്റ് ഭീഷണി ചൂണ്ടിക്കാട്ടി സുരക്ഷാ ഏജന്‍സികള്‍ യാത്രാനുമതി നിഷേധിച്ച സാഹചര്യത്തിലാണ് യാത്ര റദ്ദാക്കേണ്ടിവന്നത്.

വൈത്തിരിയിലെ മാവോയിസ്റ്റ് പോലീസ് ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഒരു തിരിച്ചടിക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന വസ്തുത കണക്കിലെടുത്തായിരുന്നു സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്.