സംഘപരിവാറിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, August 29, 2018

സംഘപരിവാറിനെ  പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പുതിയ ഇന്ത്യയിൽ സർക്കാർ ഇതര സംഘടന എന്ന നിലയിൽ ഒരേ ഒരു സംഘടനയ്‌ക്കേ നിലനിൽപ്പുള്ളു എന്നും അത് ആർ.എസ്.എസ്. ആണെന്നും രാഹുല്‍ പരിഹസിച്ചു.

ഇന്ത്യയിൽ ഒരേയൊരു എൻജിഒയ്‌ക്കേ സ്ഥാനം ഉള്ളുവെന്നും അത് ആർഎസ്എസ് ആണ് എന്നും അദ്ദേഹം പറഞ്ഞു. മറ്റ് എല്ലാ എൻജിഒകളും അടച്ചുപൂട്ടണമെന്നും എല്ലാ ആക്ടിവിസ്റ്റുകളെയും ജയിലിൽ അടയ്ക്കാനും പരാതിപ്പെടുന്നവരെ വെടിവയ്ക്കാനും അദ്ദേഹം പരിഹാസ രൂപേണ ആവശ്യപ്പെട്ടു.

ഭീമാ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഹാഷ് ടാഗോടെയായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.

പു​​നെ​​യി​​ല്‍ ദ​​ളിതരും മറാഠാ സംഘടനകളും തമ്മില്‍ ഏ​​റ്റു​​മു​​ട്ടി​​യ ഭീ​​മ-കൊ​​റേ​​ഗാ​​വ് കേ​​സു​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്തകരെ പൊലീസ്​ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മാവോയിസ്റ്റ് ബന്ധവും മറ്റും ആരോപിച്ച് വ്യാപകമായ അറസ്റ്റാണ് ഉണ്ടായത്. ആറ് നഗരങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡും ഉണ്ടായി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് നേരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്.