രാഹുല്‍ ഗാന്ധി ഇന്ത്യാ ടുഡേ ന്യൂസ് മേക്കര്‍ 2018

Jaihind Webdesk
Saturday, December 29, 2018

ഇന്ത്യാ ടുഡേയുടെ ന്യൂസ് മേക്കറായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് വിജയം നേടിയത് അധ്യക്ഷ പദവിയില്‍ രാഹുല്‍ എത്തി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ്. ഇതിന് കാരണം രാഹുലിന്‍റെ തന്ത്രങ്ങള്‍ ഫലിച്ചതും ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള സ്വാധീനവുമാണ് കാണിക്കുന്നതെന്നാണ് വിലയിരുത്തല്‍.

അതേസമയം പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയും അവ പാലിക്കാതിരിക്കുകയും ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വന്‍തോതില്‍ തകര്‍ത്തതായുമാണ് റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കാലം മുതല്‍ തന്നെ എതിരാളികളുടെ നിരന്തര വിമര്‍ശനത്തിന് ഇരയായി മാറിയിരുന്ന രാഹുലിന്‍റെ ജനപ്രീതി ബി.ജെ.പി ക്യാമ്പുകളെ ഒട്ടൊന്നുമല്ല അസ്വസ്ഥരാകുന്നത്. 2019 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസിന്‍റെ യാത്രയ്ക്ക് രാഹുലിന്‍റെ ജനപ്രീതിയും ദീര്‍ഘവീക്ഷണവും  സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

പാര്‍ട്ടി വലിയൊരു പ്രതിസന്ധി ഘട്ടത്തില്‍കൂടി കടന്നുപോകുമ്പോള്‍ അതിന്‍റെ അമരത്തേക്ക് എത്തുകയും 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട വലിയ പരാജയത്തെ മറികടന്ന് മികച്ച വിജയം സ്വായത്തമാക്കാന്‍ രാഹുല്‍ ഗാന്ധി നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ഇന്ത്യാ ടുഡേയുടെ ന്യൂസ് മേക്കറാക്കിയത്.  പ്രതിപക്ഷം ഒരു വിശാല സഖ്യത്തിന് രൂപം നല്‍കുമ്പോള്‍  പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആദ്യ പേരും മറ്റൊന്നല്ല.

ഇത് ആദ്യമായല്ല രാഹുല്‍ ഇന്ത്യാ ടുഡേ ന്യൂസ് മേക്കര്‍ ആകുന്നത്. പാര്‍ട്ടിയില്‍ സജീവ സാന്നിധ്യമായി അദ്ദേഹം മാറിയ 2009ലും രാഹുല്‍ ഗാന്ധിയായിരുന്നു ന്യൂസ് മേക്കര്‍.