വയനാട്ടിലെ ആരോഗ്യപ്രവർത്തകർക്ക് രാഹുല്‍ ഗാന്ധിയുടെ ഓണസമ്മാനം

 

കല്‍പ്പറ്റ: വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ ആരോഗ്യ പ്രവർത്തകർക്ക്  രാഹുൽ ഗാന്ധിയുടെ ഓണസമ്മാനം. രണ്ടായിരത്തോളം വരുന്ന ആശാവർക്കർമാർക്കും പെയിൻ ആൻഡ് പാലിയേറ്റീവ് വനിതാ നഴ്സ്മാർക്കും ഓണസമ്മാനമായി സാരികള്‍ വിതരണം ചെയ്തു.

മണ്ഡലത്തിലെ ആശാ വർക്കർമാർ, പെയിൻ ആൻഡ് പാലിയേറ്റീവ് വനിതാ നഴ്സുമാർ, റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഓണാശംസകൾ നേർന്നുകൊണ്ട് രാഹുൽ ഗാന്ധി എം.പിയുടെ ആശംസകാർഡുകള്‍ നേരത്തെ എത്തിയിരുന്നു. പിന്നാലെയാണ് ഓണസമ്മാനവും എത്തിയത്. ഓണക്കോടിയുടെ വയനാട് പാർലമെന്‍റ്തല വിതരണോദ്ഘാടനം വണ്ടൂരിൽ ആശാവർക്കർമാർക്ക് നൽകി കൊണ്ട് എ.പി അനിൽകുമാർ എം.എൽ.എ നിർവ്വഹിച്ചു,

കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് എം.പി ഫണ്ടിൽ നിന്ന് 2.7 കോടി രൂപ രാഹുൽ ഗാന്ധി അനുവദിച്ചിരുന്നു. ഇതിനു പുറമെ തെർമോസ്കാനറുകൾ, സാനിറ്റെെസറുകള്‍, പി.പി.പി കിറ്റുകൾ, മാസ്‌ക്കുകൾ, മണ്ഡലത്തിലെ മുഴുവൻ കമ്മ്യൂണിറ്റി കിച്ചണിലേക്കുമുള്ള ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു. കൊവിഡ് കാലത്ത് ഓൺലൈൻ പഠന സൗകര്യമില്ലാത്ത മണ്ഡലത്തിലെ ആദിവാസി ഗ്രാമങ്ങളിൽ ഓൺലൈൻ പഠനത്തിന് വേണ്ടി 300 ടി.വികളും രാഹുൽ ഗാന്ധി എം.പി എത്തിച്ചു നൽകി. ഇതിന് പിന്നാലെയാണിപ്പോൾ ഓണക്കോടിയും എത്തിയത്.

Comments (0)
Add Comment