പഴശിയുടെ നാട്ടില്‍ രാഹുലിന്‍റെ പടയോട്ടം

Jaihind Webdesk
Friday, May 24, 2019

Rahul-Gandhi

വയനാട് മണ്ഡലത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തിന്‍റെ വിജയവുമായി യു.ഡി.എഫ് സ്ഥാനാർഥിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി. പഴശിയുടെ നാട്ടിൽ 4,31,770 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ജയിച്ചുകയറിയത്.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് വയനാട്ടിൽ രാഹുൽ ഗാന്ധി വിജയക്കൊടി പാറിച്ചത്. എല്ലാ നിയമസഭാ മണ്ഡലത്തിലും 50,000 ത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് രാഹുല്‍ വിജയിച്ചുകയറിയത്. തുടർച്ചയായ മൂന്നാം തവണയും മണ്ഡലത്തിലെ ജനങ്ങൾ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതി. കോൺഗ്രസ് അധ്യക്ഷന്‍റെ മുന്നേറ്റത്തിൽ എതിർ സ്ഥാനാർത്ഥികൾക്ക് നേരിടേണ്ടി വന്നത് നാല് ലക്ഷത്തിൽപ്പരം വോട്ടിന്‍റെ കനത്ത തോൽവി.

എൽ.ഡി.എഫിന്‍റെ കോട്ടകളിൽപോലും ലീഡ് നിലയിൽ രാഹുൽ ഗാന്ധിക്ക് മുന്നിലെത്താൻ ഇടത് സ്ഥാനാർത്ഥിക്ക് സാധിച്ചില്ല. കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭൂരിപക്ഷം നേടിയ മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിലുൾപ്പടെ യു.ഡി.എഫിന്‍റെ വ്യക്തമായ മുന്നേറ്റമാണ് ഇത്തവണ ഉണ്ടായത്. ഇടതുമുന്നണിക്ക് കഴിഞ്ഞ തവണ ലഭിച്ചതിൽനിന്ന് ഒരുലക്ഷത്തോളം വോട്ടുകൾ കുറഞ്ഞ്, മണ്ഡലത്തിൽ പി.പി സുനീർ രണ്ടാമതെത്തി.

കൊട്ടിഘോഷിച്ച് മത്സരത്തിനിറങ്ങിയ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി ചിത്രത്തിലേ ഉണ്ടായില്ല. കഴിഞ്ഞ തവണ മത്സരിച്ച രശ്മിൽകുമാർ നേടിയ വോട്ട് പോലും നേടാന്‍ തുഷാറിനായില്ല. 78,816 വോട്ടുകള്‍ മാത്രമാണ് തുഷാറിന് ലഭിച്ചത്.

അതേസമയം 2014 ലെ തെരഞ്ഞെടുപ്പിൽ 20,870 ആയിരുന്ന യു.ഡി.എഫ് ഭൂരിപക്ഷം ഇത്തവണ നാലുലക്ഷം കവിഞ്ഞു. മണ്ഡലത്തിലെ ഉയർന്ന പോളിംഗ് ശതമാനവും യു.ഡി.എഫിന്‍റെ വോട്ട് ഷെയർ കൂടുന്നതിന് കാരണമായി. 2014-ൽ 73 ശതമാനമായിരുന്ന പോളിംഗ് ശതമാനം ഇത്തവണ 80 ശതമാനത്തിനും മുകളിലേക്കുയർന്നിരുന്നു. മണ്ഡലത്തിലെ ഏഴ് ലക്ഷത്തിൽപ്പരം വോട്ടുകളാണ് രാഹുലിന്‍റെ അക്കൗണ്ടിൽ വീണത്.

രാഹുല്‍ ഗാന്ധി – 7,06,367

പി.പി സുനീര്‍ (CPI) – 2,74,597

തുഷാര്‍ വെള്ളാപ്പള്ളി (BDJS) – 78,816