ജനങ്ങളുമായി സംവദിക്കാന്‍ രാഹുൽ ഗാന്ധിയുടെ വീഡിയോ പരമ്പര; രണ്ടാമത്തെ വീഡിയോ ഇന്ന്

Jaihind News Bureau
Monday, July 20, 2020

 

രാഹുൽ ഗാന്ധിയുടെ വീഡിയോ പരമ്പരയിലെ രണ്ടാമത്തെ വീഡിയോ ഇന്ന് പുറത്തുവിടും. ഇന്ത്യ-ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധിയുടെ രണ്ടാമത്തെ വീഡിയോ.  കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആദ്യ വീഡിയോയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. ഇന്ത്യയുടെ വിദേശനയം, അയല്‍ക്കാരുമായുള്ള ബന്ധം, സമ്പദ് വ്യവസ്ഥ എന്നിവയില്‍ ഉണ്ടായ പ്രശ്നങ്ങളാണ്  നിയന്ത്രണരേഖയിലെ ചൈനീസ് ആക്രമണത്തിന് പിന്നിലെന്ന് ആദ്യ വീഡിയോയിലൂടെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

‘ഒരു രാജ്യം അതിന്റെ വിദേശബന്ധങ്ങളാല്‍ സംരക്ഷിക്കപ്പെടുന്നു. അത് അയല്‍രാജ്യങ്ങളാല്‍ സംരക്ഷിക്കപ്പെടുന്നു. അത് സമ്പദ് വ്യവസ്ഥയാല്‍ സംരക്ഷിക്കപ്പെടുന്നു. അവിടുത്തെ ജനങ്ങളുടെ വികാരവും കാഴ്ചപ്പാടും അതിനെ സംരക്ഷിക്കുന്നു. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷം എന്താണ് സംഭവിച്ചത്?, ഈ മേഖലകളിലെല്ലാം രാജ്യത്തെ അസ്വസ്ഥപ്പെടുത്തുകയും തടസ്സങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ‘ രാഹുല്‍ പറഞ്ഞു.

ഇന്ത്യക്ക് യുഎസുമായും റഷ്യയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും തന്ത്രപരമായ ബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഇപ്പോള്‍ ഒരു അനുഷ്ഠാനം മാത്രമായി മാറി. ഇടപാടുണ്ട് എന്നല്ലാതെ തന്ത്രപരമായ ഒന്നും ഇല്ല. നേരത്തെ നേപ്പാളും ഭൂട്ടാനും ശ്രീലങ്കയും നമ്മുടെ സുഹൃത്തുക്കളായിരുന്നു. പാകിസ്താനൊഴികെ എല്ലാ അയല്‍ രാജ്യങ്ങളും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും രാജ്യവുമായി അവര്‍ പങ്കാളിത്തമുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ നേപ്പാള്‍ നമ്മോട് ദേഷ്യത്തിലാണ്.

നേപ്പാളി ജനതയോട് സംസാരിക്കുമ്പോള്‍ അവര്‍ പ്രകോപിതരാണ്. ശ്രീലങ്ക ഒരു തുറമുഖം തന്നെ ചൈനക്ക് വിട്ടുനല്‍കിയിരിക്കുകയാണ്. നമ്മുടെ അയല്‍ക്കാരെയെല്ലാം നമ്മള്‍ അസ്വസ്ഥരാക്കി. അവരുമായുള്ള ബന്ധങ്ങള്‍ തടസ്സപ്പെടുത്തിയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ‘സാമ്പത്തികമായി നമ്മള്‍ പ്രതിസന്ധി നേരിടുന്നു. അയല്‍ക്കാരുമായി പ്രശ്നങ്ങള്‍, വിദേശനയങ്ങളിലും പ്രശ്നം. ഇതാണ് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ ചൈനക്ക് ആത്മവിശ്വാസം നല്‍കിയതും അവരീ സമയം തിരഞ്ഞെടുത്തതും.’ -രാഹുല്‍ പറഞ്ഞു.