പ്രതിരോധമന്ത്രിയുടെ ഫ്രാന്‍സ് യാത്ര സംശയാസ്പദം; രാഹുല്‍ ഗാന്ധി

Thursday, October 11, 2018

പ്രതിരോധ മന്ത്രി നിർമല സീതാരാമൻ എന്തിനാണ് തിരക്കിട്ട് ഫ്രാൻസിലേക്ക് പോയതെന്ന് കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. റഫേൽ  വിമാന ഇടപാടിൽ അനിൽ അംബാനിയുടെ കമ്പനിയെ പങ്കാളിയാക്കിയത് ഇന്ത്യൻ സർക്കാരിന്‍റെ നിർബന്ധം മൂലമാണെന്ന പുതിയ വെളിപ്പെടുത്തലിന് പിന്നാലെയുള്ള ഈ യാത്ര ദുരൂഹവും സംശയാസ്പദവുമാണെന്ന് അദേഹം ആരോപിച്ചു.

റഫേലിലെ ചുരുളുകള്‍ അഴിയുമ്പോള്‍ ഇനി പലരുടെയും ശ്രമം മുഖം രക്ഷിക്കാനായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.  ഇടപാട് സുതാര്യമായിരുന്നു എന്ന് വരുത്തി മാധ്യമങ്ങളുടെ വായടപ്പിക്കാനായി നിരവധി സാങ്കല്‍പിക കൂടിക്കാഴ്ചകളുടെ മിനിട്ട്സ് പ്രതിരോധമന്ത്രിക്ക് തയാറാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഫ്രാന്‍സുമായി ഉഭയസമ്മതപ്രകാരമുള്ള ഒരു തിരക്കഥ ഒരുക്കേണ്ടിവരുമെന്നും  രാഹുല്‍ ഗാന്ധി പരിഹസിച്ചു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍റെ തിരക്കിട്ട ഫ്രാന്‍സ് യാത്രയുടെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ട്വിറ്റര്‍ സന്ദേശം.