നന്ദി, പ്രത്യേകിച്ച് കോണ്‍ഗ്രസ് കേരള ഘടകത്തോട്; ദുബായ് മഹാസംഗമത്തെ വിജയമാക്കിയവര്‍ക്ക് നന്ദിയറിയിച്ച് രാഹുല്‍ ഗാന്ധി

Saturday, January 12, 2019

മഹാത്മാഗാന്ധിയുടെ 150- ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് ദുബായില്‍ നടത്തിയ മഹാസമ്മേളനം വിജയമാക്കിത്തീര്‍ത്ത പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്.
‘കഴിഞ്ഞദിവസം ദുബായിലെ മഹാസംഗമം വിജയമാക്കാന്‍ അക്ഷീണം പ്രയത്‌നിച്ച എല്ലാവരോടും നന്ദി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരള ഘടകത്തിനും പ്രവര്‍ത്തകര്‍ക്കും പ്രത്യേക നന്ദി’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മഹാത്മാഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷികത്തില്‍ ദുബായ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മഹാസംഗമത്തിലേക്ക് ജനലക്ഷങ്ങളായിരുന്നു ഒഴുകിയെത്തിയത്. നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിന് പുറമേ പ്രവേശിക്കാനാകാതെ പുറത്തുനില്‍ക്കേണ്ടി വന്നവരുടെയും എണ്ണം വളരെ വലുതാണ്. ദുബായുടെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ യുവനേതാവിന് ഇത്രയേറെ വലിയ വരവേല്‍പ് ഉണ്ടായിട്ടില്ല.

രാഹുല്‍ ഗാന്ധിയുടെ ദുബായിലെ മഹാസമ്മേളനം വിജയിപ്പിക്കുന്നതിനുള്ള ചുമതല ഉമ്മന്‍ ചാണ്ടിക്കായിരുന്നു. അത് ഭംഗിയായി തന്നെ വിജയിപ്പിക്കുന്നതിനും ഉമ്മന്‍ ചാണ്ടിക്ക് സാധിച്ചുവെന്നാണ് രാഹുല്‍ഗാന്ധിയുടെ ട്വീറ്റിലൂടെ വ്യക്തമായിരിക്കുന്നത്. നാല്‍പതിനായിരം പേര്‍ പങ്കെടുക്കുന്ന സംഗമത്തിന്‍റെ ഒരുക്കങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ സംഘാടനത്തില്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. എ.ഐ.സി.സി.യുടെ നിര്‍ദേശപ്രകാരമാണ് അവിടത്തെ സംഘടനകളെ ക്ഷണിക്കാനും ഒരുക്കങ്ങള്‍ക്കുമായി ഉമ്മന്‍ചാണ്ടി പുറപ്പെട്ടത്.

രാഹുലിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി യു.എ.ഇയിലെ പാര്‍ട്ടി അനുഭാവികളമായി ഉമ്മന്‍ചാണ്ടി ആശയ വിനിമയം നടത്തിയിരുന്നു. യു.എ.ഇയിലെ മലയാളികളില്‍ വലിയൊരു വിഭാഗം കോണ്‍ഗ്രസ് അനുഭാവികളാണ്. ഇവരില്‍ ഭൂരിഭാഗവും ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുന്നവരുമാണ്. കൂടാതെ മുസ്ലിം ലീഗിനെ പിന്തുണയ്ക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. ഇവര്‍ക്കിടയില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള നിര്‍ണ്ണായക സ്വാധീനവും സ്വീകാര്യതയുമാണ് ഇത്രയധികം വിജയകരമായി മഹാസംഗമം നടത്താന്‍ സാധിച്ചതെന്നാണ് വിലയിരുത്തല്‍.