രാഹുൽ ഗാന്ധി ഇന്നെത്തും; ഉജ്ജ്വല വിജയം സമ്മാനിച്ച വയനാട്ടുകാർക്ക് നന്ദി അറിയിക്കും; മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ പര്യടനം നടത്തും

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പ്രകാശിപ്പിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നെത്തും. ഇന്നും നാളെയും മറ്റന്നാളും രാഹുൽ ഗാന്ധി മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ പര്യടനം നടത്തും. ഞായറാഴ്ച ഉച്ചക്ക് കരിപ്പൂരിൽ നിന്നും ഡൽഹിക്ക് മടങ്ങും. രാഹുൽ ഗാന്ധിയെ സ്വീകരിക്കാനും, പര്യടന പരിപാടികൾക്കുമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറയാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. ഉച്ചക്ക് 1.30 ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തുന്ന രാഹുൽ ഗാന്ധിയെ യു.ഡി.എഫ് നേതാക്കൾ സ്വീകരിക്കും. തുടർന്ന് 3 ന് വണ്ടൂർ നിയോജക മണ്ഡത്തിലെ കാളികാവാണ് ആദ്യ പര്യടനം.

4.30 ന് നിലമ്പൂർ മണ്ഡലത്തിലെ ചന്തക്കുന്ന്, 5.30 എടവണ്ണ, 6.30 ന് അരിക്കോട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം റോഡ് മാർഗ്ഗം കൽപ്പറ്റയിലേക്ക് തിരിക്കും. താമസം കൽപ്പറ്റ റസ്റ്റ് ഹൗസിൽ. ശനിയാഴ്ച രാവിലെ 10 ന് വയനാട് കളക്ട്രേറ്റിലെ എം.പി ഫെസിലിറ്റേഷൻ സെന്‍റർ രാഹുൽ ഗാന്ധി സന്ദർശിക്കും. തുടർന്ന് 11 ന്- കൽപ്പറ്റ ടൗൺ, 11.30- കമ്പളക്കാട്, 12.30- പനമരം, 2. മണിക്ക് മാനന്തവാടി, 3 ന്- പുൽപ്പള്ളി, 4 മണിക്ക് സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെ പര്യടനത്തോടെ രണ്ടാം ദിനത്തിലെ പര്യടനം പൂർത്തിയാവും. നേരത്തെ 2 ദിവസത്തെ പര്യടനമായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും, രാഹുൽ ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് പര്യടനം 3 ദിവസമാക്കി നീട്ടി. രാഹുൽ ഗാന്ധിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ
കോഴിക്കോട്, മലപ്പുറം, വയനാട് ഉഇഇ പ്രസിഡൻറുമാർ പൂർത്തിയാക്കി കഴിഞ്ഞതായി കെ.പി.സി.സി പ്രസിഡന്റും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ മുല്ലപ്പള്ളി രാമചന്ദ്രനും, ജനറൽ കൺവീനർ സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു.
ഞായറാഴ്ച രാവിലെ 10ന് ഈങ്ങാപ്പുഴയിലും, 11 അരക്ക്- മുക്കത്തും രാഹുൽ ഗാന്ധി പര്യടനം നടത്തും. തുടർന്ന് കരിപ്പൂരിൽ നിന്നും പ്രത്യേക വിമാനത്തിൽ ഡൽഹിക്ക്
മടങ്ങും.

Comments (0)
Add Comment