രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച കേരളത്തില്‍; വയനാട്ടിലെ വോട്ടര്‍മാരെ കണ്ട് നന്ദി പ്രകാശിപ്പിക്കും

Jaihind Webdesk
Wednesday, June 5, 2019

വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി രേഖപ്പെടുത്താൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വെള്ളിയാഴ്ച  നിലമ്പൂരിലെത്തും. രണ്ട് ദിവസങ്ങളിലായി വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും നേരിട്ടെത്തി വോട്ടർമാരെ കാണും.

വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ കരിപ്പൂരിലെത്തുന്ന രാഹുൽ ഗാന്ധിയെ യു.ഡി.എഫ് നേതാക്കൾ വിമാനത്താവളത്തിൽ സ്വീകരിക്കും. തുടർന്ന് മൂന്ന് മണിക്ക് വണ്ടൂർ മണ്ഡലത്തിലെ കാളികാവിലാണ് ആദ്യ പര്യടനം. വണ്ടൂർ റോഡിൽ നിന്നും ആരംഭിക്കുന്ന പരിപാടി കാളികാവ് ടൗൺ ചുറ്റി പുലങ്കോട് റോഡിൽ സമാപിക്കും. നാല് മണിക്ക് നിലമ്പൂർ മണ്ഡലത്തിലെ ചന്തക്കുന്നിൽ നിന്നാരംഭിക്കുന്ന പര്യടനം ചെട്ടിയങ്ങാടി യു.പി സ്കൂൾ പരിസരത്ത് സമാപിക്കും. അഞ്ച് മണിക്ക് ഏറനാട് മണ്ഡലത്തിലെ സീതിഹാജി പാലത്തിൽ നിന്നാരംഭിച്ച് എടവണ്ണ ടൗണിലൂടെ അരീക്കോട് എത്തിച്ചേരും. തുടർന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിലെ പര്യടന പരിപാടി മുക്കത്ത് നടക്കും. മുക്കത്തെ പരിപാടി ക്ക് ശേഷം റോഡ് മാർഗം വയനാട് ജില്ലയിലേക്ക് പ്രവേശിക്കുന്ന രാഹുൽ ഗാന്ധി ബത്തേരിയിൽ താമസിക്കും.

ശനിയാഴ്ച രാവിലെ എട്ട് മണിക്ക് വയനാട് ജില്ലയിലെ പുൽപ്പള്ളി, പത്ത് മണിക്ക് ബത്തേരി എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് കൽപ്പറ്റയിലും തുടർന്ന് മാനന്തവാടിയിലും പര്യടനം നടത്തും. പര്യടനം  പൂര്‍ത്തിയാക്കിയതിന് ശേഷം കണ്ണൂർ വഴി രാഹുൽ ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങും. തെരഞ്ഞടുപ്പ് കമ്മിറ്റി ചെയർമാൻ കൂടിയായിരുന്ന കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജനറൽ കൺവീനർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജറനൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, മുകുൾ വാസ്നിക്, സംസ്ഥാന യു.ഡി.എഫ് നേതാക്കൾ, നിയുക്ത എം.പി.മാർ, എം.എൽ.എ മാർ തുടങ്ങിയവർ രാഹുൽ ഗാന്ധിക്കൊപ്പം പര്യടനത്തിൽ പങ്കെടുക്കും.