‘സ്‌നേഹത്തിന്‍റെ കട തുറക്കാന്‍’ രാഹുല്‍ ഗാന്ധി; മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു; വേദന പങ്കുവെച്ച് ജനങ്ങള്‍

Jaihind Webdesk
Friday, June 30, 2023

ഇംഫാല്‍ : രണ്ട് മാസമായി സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായ മണിപ്പൂരില്‍ സ്‌നേഹത്തിന്‍റെ കട തുറക്കാന്‍ രാഹുല്‍ ഗാന്ധി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഹുലിനെ പലവിധത്തില്‍ തടയാന്‍ ശ്രമിച്ചെങ്കിലും തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം. കലാപം രൂക്ഷമായ പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ കുഞ്ഞുങ്ങളോടൊപ്പെ തന്റെ സമയം ചെലവിടുകയും ഭക്ഷണം കഴിക്കുകയും ചെയ്യ്തു. കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട സ്ത്രീകളും കുട്ടികളും രാഹുലുമായി തങ്ങളുടെ വേദന പങ്കുവച്ചു. സന്ധ്യയോടെ ഇംഫാല്‍ താഴ്വരയിലുള്ള മെയ്‌തെയ് ദുരിതാശ്വാസ ക്യാംപും സന്ദര്‍ശിച്ചു.

മഴയും മറ്റ് വെല്ലുവിളികള്‍ ഉണ്ടെങ്കിലും വലിയ ജനക്കൂട്ടമാണ് രാഹുലിനെ കാണാനും തങ്ങളുടെ വിഷമങ്ങള്‍ പങ്കുവെയ്ക്കുവാനുമായി എത്തിച്ചേരുന്നത്.
മൊയ്രാങ്ങിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ഇന്ന് മെയ്‌ത്തെയ് വിഭാഗത്തിന്റെ വിഷ്ണുപൂരിലെ രണ്ട് ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്നലെ അനുമതി ലഭിക്കാത്ത ക്യാമ്പുകളില്‍ ആണ് സന്ദര്‍ശനം നടത്തുക. നാഗ ഉള്‍പ്പെടെയുള്ള 17 പൗര സമൂഹവുമായും രാഹുല്‍ കൂടികാഴ്ച നടത്തും.

അതേസമയം, കാങ്‌പോപിയില്‍ ഒരാളുടെ മരണത്തെ തുടര്‍ന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ഇതോടെ ഇന്നലെ പുലര്‍ച്ചെ നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.  കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി വൈകിട്ട് ഏഴോടെ ഇംഫാല്‍ മാര്‍ക്കറ്റ് പ്രദേശത്തെത്തിയ ആയിരത്തിലധികം വരുന്ന മെയ്‌തെയ് വിഭാഗക്കാര്‍ കലാപാന്തരീക്ഷം സൃഷ്ടിച്ചു. മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ്ങിന്റെ വസതിയിലേക്കും മൃതദേഹങ്ങളുമായി മാര്‍ച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. ഇന്ന് ഉച്ചയോടെ മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് ഗവര്‍ണറെ കാണുന്നുണ്ട്.