രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് ഡിസംബർ പത്തിലേക്ക് മാറ്റി

Jaihind News Bureau
Thursday, October 10, 2019

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് ഡിസംബർ പത്തിലേക്ക് മാറ്റി. എല്ലാ കള്ളൻമാർക്കും എങ്ങിനെ മോദി എന്ന പേരുവന്നു എന്ന പ്രസ്താവനക്കെതിരെ ബിജെപി നേതാവ് പർണേഷ് മോദി നല്‍കിയ പരാതി പരിഗണിക്കുന്നതാണ് മാറ്റിവച്ചത്.

എല്ലാ കള്ളന്‍മാര്‍ക്കും എങ്ങിനെ മോദി എന്ന പേരുവന്നു എന്ന പ്രസ്താവനക്കെതിരെ ബിജെപി നേതാവ് പര്‍ണേഷ് മോദി നൽകിയ മാനനഷ്ടക്കേസില്‍ ഹാജരാകാൻ രാഹുൽ ഗാന്ധി സൂറത്തിൽ എത്തിയിരുന്നു. ചിഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബി എച്ച് കപാഡിയ കഴിഞ്ഞ മേയില്‍ ആണ് ഇതുസംബന്ധിച്ച സമന്‍സ് നല്‍കിയത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിയെയും സൂചിപ്പിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന.

സത്യത്തെ നിശബ്ദമാക്കാനുള്ള ഇത്തരം ശ്രമങ്ങൾ ഒരിക്കലും നടക്കില്ലെന്നും നുണകൾക്കും വിദ്വേഷത്തിനും എതിരായ പോരാട്ടം എല്ലായ്പ്പോഴും ആത്മാർത്ഥതയും സ്നേഹവും കൊണ്ട് ശക്തിപ്പെടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

തന്നെ നിശബ്ദനാക്കാനായി രാഷ്ട്രീയ എതിരാളികള്‍ തനിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകാനായി സൂറത്തില്‍ എത്തിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.   ഈ പ്രതിസന്ധി ഘട്ടത്തിലും സ്നേഹവും പിന്തുണയും  നല്‍കി തനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയവര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.