മാധ്യമപ്രവര്‍ത്തകർക്കെതിരായ യോഗി ആദിത്യനാഥ് സർക്കാരിന്‍റെ നടപടിക്കെതിരെ രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, June 11, 2019

ഉത്തർപ്രദേശില്‍ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നടപടി ശുദ്ധ വിഡ്ഡിത്തമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നടപടി തിരുത്താന്‍ ആദിത്യനാഥ് തയാറാകേണ്ടതുണ്ടെന്നും രാഹുല്‍‌ ഗാന്ധി അഭിപ്രായപ്പെട്ടു.

ബി.ജെ.പി-ആര്‍.എസ്.എസ് സ്‌പോണ്‍സേര്‍ഡ് പ്രൊപ്പഗണ്ട പ്രകാരം എനിക്കെതിരെ വ്യാജവാര്‍ത്ത ചമച്ച മാധ്യമപ്രവര്‍ത്തകരെ ജയിലിലടയ്ക്കുകയാണെങ്കില്‍ മിക്ക പത്രങ്ങളിലും ന്യൂസ് ചാനലുകളിലും സ്റ്റാഫുകളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നേനെ’ – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകർക്കെതിരെ യോഗി ആദിത്യനാഥ് സർക്കാരിന്‍റെ നടപടിക്കെതിരായ രൂക്ഷ വിമര്‍ശനം കൂടിയായി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

യോഗി ആദിത്യനാഥിനെതിരെ ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തതിന്‍റെ പേരിലായിരുന്നു പ്രശാന്ത് കനൂജിയ എന്ന മാധ്യമപ്രവര്‍ത്തകനെ ആദിത്യനാഥിന്‍റെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ വീഡിയോ ദൃശ്യം സംപ്രേഷണം ചെയ്തതിന് പ്രാദേശിക ചാനലായ നേഷന്‍ ലൈവ്  മേധാവിയായ ഇഷിത സിംഗ്, എഡിറ്റര്‍ അനൂജ് ശുക്ല എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാധ്യമപ്രവർത്തകരുടെ അറസ്റ്റിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

തനിക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും തന്നെ വിവാഹം ചെയ്യാന്‍ തയാറാണോ എന്നത് യോഗി ആദിത്യനാഥ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് ഒരു സ്ത്രീ സംസാരിക്കുന്ന വീഡിയോ ആണ് മാധ്യമപ്രവര്‍ത്തകന് പ്രശാന്ത് കനൂജിയ ഷെയര്‍ ചെയ്തത്. കാലങ്ങളായി താന്‍ ആദിത്യനാഥുമായി ചാറ്റ് ചെയ്യാറുണ്ടെന്നും സ്ത്രീ വീഡിയോയില്‍ പറയുന്നുണ്ട്.  ഈ വീഡിയോ ഷെയര്‍ ചെയ്തതിനാണ് പ്രശാന്ത് കനൂജിയ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. യോദി ആദിത്യനാഥിന്‍റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നത്. സുപ്രീം കോടതിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. എന്തടിസ്ഥാനത്തിലാണ് കനൂജിയയെ അറസ്റ്റ് ചെയ്തതെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.