രാജ്യത്തെ സമ്പദ് വ്യവസ്ഥ പാളം തെറ്റി; ധനമന്ത്രി നിര്‍മ്മല സീതാരാമനെ കടന്നാക്രമിച്ച് രാഹുല്‍ഗാന്ധി

Friday, August 2, 2019

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കടന്നാക്രമിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നിര്‍മ്മല സീതാരാമനെ കഴിവില്ലാത്തവര്‍ എന്ന് വിളിച്ചുകൊണ്ട് രാജ്യത്തെ സമ്പദ് വ്യവസ്ഥ പാളം തെറ്റിയതായും മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയെ സംബോധന ചെയ്തു തുടങ്ങുന്ന കുറിപ്പില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ പാളം തെറ്റിയിരിക്കുകയാണെന്നും തുരങ്കത്തിന്‍റെ അവസാനത്തില്‍ വെട്ടമില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു. നിങ്ങളുടെ കഴിവുകെട്ട കേന്ദ്രധനമന്ത്രി പറയുന്നത് അവിടെ വെളിച്ചമുണ്ടെന്നാണെങ്കില്‍, എന്നെ വിശ്വസിക്കൂ, ഇത് സാമ്പത്തിക മാന്ദ്യം അതിന്‍റെ മുഴുവന്‍ വേഗതയിലും കുതിച്ചുവരുന്നതാണെന്ന് രാഹുല്‍ ഗാന്ധി തന്‍റെ ട്വീറ്റില്‍ പറയുന്നു.

രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്‍റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന ഒരു മാധ്യമ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.