ലഖ്നൗ : ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സ്ഥലം സന്ദർശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തം. പൊലീസ് നടപടിയിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രിയങ്കാ ഗാന്ധി രംഗത്തെി. അതേസമയം ലഖിംപുരിലേക്ക് പോകാന്‍ അനുമതി തേടി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തുനല്‍കി.
തന്‍റെ അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗികമായ ഒരറിയിപ്പുമില്ലെന്ന് പ്രിയങ്ക ഗാന്ധി പറയുന്നു. തനിക്ക് വസ്ത്രവുമായി എത്തിയവർക്കെതിരെ പോലും കേസെടുത്തു. ഇതുവരെയും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയിട്ടില്ല. നിയമസഹായം തേടാൻ പോലും അനുവദിക്കുന്നില്ലെന്ന് പ്രിയങ്കാ ഗാന്ധി അറിയിച്ചു. കസ്റ്റഡിയിലെടുത്തതിന്‍റെ കാരണം പറയുകയോ എഫ്ഐആര്‍ കാണിക്കുകയോ ചെയ്തില്ല. കസ്റ്റഡിയിലെടുത്ത് 30 മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇത്തരത്തില്‍ പൊലീസിന്‍റെ ഭാഗത്തുനിന്ന് വളരെ തെറ്റായ സമീപനമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി.
അതേസമയം രാഹുൽ ഗാന്ധിയും നാളെ ലഖിംപുരിലേക്ക് പോകുമെന്ന് അറിയിച്ചു. രാഹുൽ ഗാന്ധി ഉൾപ്പടെ അഞ്ചു പേർക്ക് പോകാൻ അനുമതി തേടി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കിയിട്ടുണ്ട്. ഇന്ന് ലഖ്നൗവിലെത്തിയ ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ യുപി പൊലീസ് വിമാനത്താവളത്തില്‍ തടഞ്ഞതും പ്രതിഷേധത്തിനിടയാക്കി.