കേരളത്തിലേത് മനുഷ്യനിര്‍മ്മിത ദുരന്തം; സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നില്ല; കേരള സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

Jaihind Webdesk
Tuesday, January 29, 2019

കൊച്ചി: കേരള സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി.  മനുഷ്യ നിര്‍മ്മിത ദുരന്തമാണ് കേരളത്തിലുണ്ടായത്. പ്രളയത്തെ നേരിടാന്‍ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നത് ലോകം കണ്ടതാണ്. കേരളത്തില്‍ നിന്നുമാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുമിച്ചു നിന്നു. എന്നാല്‍, കേരള സര്‍ക്കാര്‍ കേരളത്തെ പുനര്‍നിര്‍മ്മിക്കുമെന്ന് നാം കരുതി. കേരളത്തിലെ ജനങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കുമെന്ന് കരുതി. ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആത്മവിശ്വാസം നല്‍കുമെന്ന് പ്രതീക്ഷിച്ചു. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ചു പക്ഷേ അതുണ്ടായില്ല. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കേരള പുനര്‍നിര്‍മ്മാണത്തിനുള്ള ആശയം നല്‍കാനോ പിന്തുണ നല്‍കാനോ തയ്യാറായില്ല. ബി.ജെ.പിയും സി.പി.എമ്മും കേരളത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. – രാഹുല്‍ഗാന്ധി പറഞ്ഞു.

കര്‍ഷക സംരക്ഷണത്തിനും ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുക എന്നതും അവരുടെ അജണ്ടയിലില്ല.  സി.പി.എമ്മിനോട് ഒരു ചോദ്യം. നിങ്ങള്‍ കേരളത്തിലെ യുവാക്കള്‍ക്കുവേണ്ടി എന്തുചെയ്തു? കര്‍ഷകര്‍ക്കുവേണ്ടി എന്ത് ചെയ്തു? ഡല്‍ഹിയില്‍ നരേന്ദ്രമോദിയോട് ചോദിക്കുന്നതുപോലെ കേരളത്തിലെ മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളതും ഇതൊക്കെയാണ് എവിടെയാണ് ജോലിയുള്ളത്. എവിടെയാണ് ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളത്?
ഇന്ത്യയും കേരളവും യോജിച്ച് പ്രവര്‍ത്തിച്ചാലെ മുന്നോട്ടുപോകുകയുള്ളൂ. സ്‌നേഹവും സമാധാനവും സാഹോദര്യവും നമ്മുടെ നാട്ടില്‍ പുലരണം. കേരളമോ നമ്മുടെ രാജ്യമോ അക്രമത്തിലൂടെ ഒന്നും നേടാന്‍ പോകുന്നില്ല. സംസ്ഥാനത്തിനുമുന്നിലും രാജ്യത്തിന് മുന്നിലും വെല്ലുവിളികള്‍ ധാരാളമുണ്ട്. അക്രമങ്ങളിലൂടെയല്ലാതെ കേരളം മുന്നോട്ടുപോകണം. – രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരോടായി പറഞ്ഞു.