അധികാരത്തിലെത്താന്‍ വേണ്ടിയും അധികാരത്തിലെത്തിയാലും ബിജെപി എന്തും ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി; ബിജെപി നേതാവിന്‍റെ മകന്‍റെ റിസോർട്ടില്‍ കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ഓർമയില്‍ മൗനം ആചരിച്ച് ഭാരത് ജോഡോ യാത്ര

മലപ്പുറം/പാണ്ടിക്കാട്: രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കും മോദി സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. അധികാരത്തിലെത്താന്‍ വേണ്ടി എന്തും ചെയ്യുന്ന ബിജെപി അധികാരത്തിലെത്തിക്കഴിഞ്ഞാലും എന്തും ചെയ്യുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിന്‍റെ ഉദാഹരണമാണ് ഉത്തരാഖണ്ഡില്‍ ബിജെപി നേതാവിന്‍റെ മകന്‍റെ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ യുവതി കൊലചെയ്യപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു. ബിജെപിയുടെ സ്ത്രീകളോടുള്ള ഇത്തരം സമീപനത്തെ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കെതിരായ അതിശക്തമായ മുന്നേറ്റമാണ് ഭാരത് ജോഡോ യാത്രയെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ യാത്രയുടെ ഒന്നാം ദിവസത്തെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരാഖണ്ഡില്‍ ബിജെപി നേതാവിന്‍റെ മകന്‍ മുഖ്യ പ്രതിയായ കൊലപാതകക്കേസ് ഉയർത്തിക്കാട്ടി അതിരൂക്ഷ വിമർശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് വിദ്വേഷം പരത്തുകയാണ്. സ്ത്രീകളെ ബഹുമാനിക്കാന്‍ തയാറല്ലാത്ത ബിജെപി അവരെ രണ്ടാം തരം പൌരന്മാരായാണ് കാണുന്നത്. സ്ത്രീകളെ ശാക്തീകരിക്കാൻ തയാറല്ലാത്ത ഒരു ജനതയ്ക്ക് എവിടെയും എത്താനാവില്ല. ബിജെപി നേതാവിന്‍റെ മകൻ സ്വന്തം ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുന്നു. അതിന് തയാറായില്ല എന്നതിന്‍റെ പേരിൽ ആ യുവതിയുടെ മൃതദേഹമാണ് പിന്നീട് കാണപ്പെട്ടത്. ഇത്തരത്തിലാണ് ബിജെപി സ്ത്രീകളോട് പെരുമാറുന്നത്. ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ ആരാണ് പിടികൂടേണ്ടത്. ജനങ്ങള്‍ തന്നെയാണ് ഇത്തരം കാര്യങ്ങള്‍ക്കെതിരെ ആദ്യം പ്രതികരിക്കേണ്ടത്. സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി തന്നെ തെളിവുകൾ നശിപ്പിക്കുന്ന അവസ്ഥ. ഹോട്ടല്‍ തന്നെ ഇടിച്ചുനിരത്തി തെളിവുകള്‍ ഇല്ലാതാക്കി. അധികാരത്തിലെത്താനായി ബിജെപി എന്തും ചെയ്യും. അധികാരം കിട്ടിക്കഴിഞ്ഞാലും അവർ എന്തും ചെയ്യും. അതിന്‍റെ ഫലമാണ് ഉത്തരാഖണ്ഡിലെ യുവതിക്ക് ജീവൻ നഷ്ടമായത്” – രാഹുല്‍ ഗാന്ധി പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ചും പെണ്‍കുട്ടിയുടെ സ്മരണാര്‍ത്ഥവും രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം ഒരു മിനിറ്റ് മൗനം ആചരിച്ചു.

ജനക്കൂട്ടത്തിന്‍റെ ശക്തിയെ യോജിപ്പിച്ച് നിർത്താൻ കഴിയുമെങ്കിൽ നിങ്ങൾക്ക് ആഗ്രഹിക്കുന്നത് എന്തും സൃഷ്ടിക്കാനാവും. ഈ ജനക്കൂട്ടത്തെ വിഭജിച്ചാൽ എന്താകും സംഭവിക്കുക. പരസ്പരം മല്ലടിക്കുകയും പരസ്പരം അപമാനിക്കുകയും ചെയ്താൽ എന്താകും അവസ്ഥ. കൂട്ടായ്മയുടെ ശക്തി ഒരു നല്ല കാര്യത്തിനും ഉപയോഗിക്കാനാവില്ല. വിദ്വേഷം പടർത്താനും മറ്റുള്ളവരെ അപമാനിക്കാനും എളുപ്പമാണ്. രാജ്യത്ത് വിദ്വേഷം പടർത്താൻ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി ആവർത്തിച്ചു. രാജ്യത്തിന്‍റെ സാമ്പത്തികരംഗം മോദി സർക്കാര്‍ തകർത്തു. നോട്ട് നിരോധനവും അശാസ്ത്രീയമായ ജിഎസ്ടിയും ചെറുകിട ഇടത്തരം വ്യാപാരികളുടെ നട്ടെല്ലൊടിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

3500 കിലോമീറ്ററോളം ദൂരം നടക്കുക എന്നത് അനായാസമല്ല. എന്നാൽ ജനങ്ങളുടെ സ്നേഹവും പിന്തുണയുമുണ്ടെങ്കിൽ അത് വളരെ അനായാസമാകും എന്നതിന്‍റെ ഉദാഹരണമാണ് ഈ യാത്രയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു നദീപ്രവാഹം പോലെ നമ്മൾ പരസ്പരം ചേർന്നൊഴുകുകയാണ്. വെറുപ്പിനും വിദ്വേഷത്തിനും കോപത്തിനും ഈ നദീപ്രവാഹത്തിൽ സ്ഥാനമില്ല. കേരളത്തിലെ ജനങ്ങൾ കാരുണ്യമുള്ളവരും സ്‌നേഹസമ്പന്നരുമാണ്. മറ്റൊരാളുടെ വേദനയും സങ്കടവും കാണാനും സമാശ്വസിപ്പിക്കാനുമുള്ള വിശാലമനസുള്ളവരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Comments (0)
Add Comment