സദ്ദാം ഹുസൈനും ഗദ്ദാഫിയും തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുണ്ട് ; മോദിക്കെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി. ഇറാഖിലെ ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈനും ലിബിയയിലെ മുഅമ്മര്‍ ഗദ്ദാഫിയും തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ആ വോട്ട് സംരക്ഷിക്കാനുള്ള വ്യവസ്ഥാപിതമായ ചട്ടക്കൂട് അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം സംവാദപരിപാടിയില്‍ പറഞ്ഞു.

ഇന്ത്യ നിലവില്‍ ഒരു ജനാധിപത്യ രാജ്യമല്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നരേന്ദ്ര മോദി അധികാരമേറ്റ 2014 മുതല്‍ ഇന്ത്യയില്‍ ജനാധിപത്യ സ്വാതന്ത്ര്യം ഇല്ലെന്ന സ്വീഡിഷ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയായിരുന്നു രാഹുലിന്റെ പ്രസ്താവന.

ആളുകള്‍ ബൂത്തിലെത്തി വോട്ടിങ് മെഷീനിലെ ഒരു ബട്ടണില്‍ അമര്‍ത്തുന്നതല്ല തിരഞ്ഞെടുപ്പ്. രാജ്യത്തെ അടിസ്ഥാനഘടന കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഭരണവ്യവസ്ഥ ഉറപ്പു വരുത്തുന്നതും നിയമവ്യവസ്ഥിതി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതും പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കുന്നതും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സ്ഥിതി ഏറെ മോശമാണെന്നു രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Comments (0)
Add Comment