ശ്രീക്കുട്ടനെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി; പോരാട്ടവീര്യത്തിന് അഭിനന്ദനം

Jaihind Webdesk
Friday, December 1, 2023

 

കൊച്ചി: എസ്എഫ്ഐ നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ കേരളവർമ്മ കോളേജ് ചെയർമാന്‍ സ്ഥാനം നഷ്ടമായെങ്കിലും നിയമപോരാട്ടത്തിലൂടെ റീ കൗണ്ടിംഗ് നടത്താന്‍ അനുകൂല വിധി സമ്പാദിച്ച ശ്രീക്കുട്ടനെ കാണാന്‍ രാഹുല്‍ ഗാന്ധി എത്തി. പോരാട്ടവീര്യം ഉയർത്തിപ്പിടിച്ച കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടനെ രാഹുല്‍ ഗാന്ധി ചേർത്തുപിടിച്ചു. നേതാവിന്‍റെ സാമീപ്യവും വാക്കുകളും ശ്രീക്കുട്ടന് പുതു ഊർജമായി. മൂന്നു ദിവസത്തെ മണ്ഡലപര്യടനത്തിനിടെ മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി ശ്രീക്കുട്ടനെ കണ്ടത്.

എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയായി കേരളവര്‍മ്മ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൗണ്ടിങ്ങില്‍ അപാകതയുള്ളതായി ചൂണ്ടിക്കാട്ടി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ഒരു വോട്ടിന് താന്‍ ജയിച്ചതാണെന്നും കോളജ് അധികൃതര്‍ റീ കൗണ്ടിംഗ് നടത്തി എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി കെ.എസ്. അനിരുദ്ധിനെ പത്ത് വോട്ടുകള്‍ക്ക് വിജയിയായി പ്രഖ്യാപിച്ചെന്നും ശ്രീക്കുട്ടന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. റീ കൗണ്ടിംഗിനിടെ വൈദ്യുതി തടസപ്പെട്ടതും ഹർജിയില്‍ ചൂണ്ടിക്കാട്ടി. അസാധു വോട്ടുകള്‍ റീകൗണ്ടിംഗില്‍ സാധുവായതെങ്ങനെയെന്ന് ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഹൈക്കോടതി കോളേജ് അധികൃതരോട് ചോദിച്ചു. അസാധുവായ വോട്ടുകള്‍ ഒഴിവാക്കി മാനദണ്ഡങ്ങള്‍ പാലിച്ച് റീ കൗണ്ടിംഗ് നടത്താന്‍ കോടതി ഉത്തരവിട്ടു.

മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് കെഎസ്‌യുവിനായി കോടതിയില്‍ ഹാജരായത്. നിയമപരമായ വിജയം ഉറപ്പുവരുത്താനായി മാത്യു കുഴൽനാടനെ നിർബന്ധപൂർവ്വം കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി ചുമതലപ്പെടുത്തുകയായിരുന്നു.