കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളും: രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, January 25, 2019

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് അധികാരത്തില്‍ വരുന്നതിന് മുമ്പ് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. അധികാരത്തിലെത്തി 10 ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ മുഴുവന്‍ കാര്‍ഷിക കടങ്ങളും സര്‍ക്കാര്‍ എഴുതിത്തള്ളി. പറഞ്ഞാല്‍ വാക്ക് പാലിക്കുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിന്‍റേത്. എന്നാല്‍ മോദിയുടെയും ബി.ജെ.പിയുടെയും സമീപനം അതല്ല. മോദിയും നവീന്‍ പട്നായിക്കും കൂടി ഒഡീഷയിലെ ജനങ്ങളെ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി പറ്റിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്കാലത്ത് മോദി വിദേശബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ വീതം ഓരോരുത്തരുടെയും ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കും എന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍ മറ്റൊരു മോദിക്ക് നമ്മളെ കൊള്ളയടിക്കാന്‍‌ പ്രധാനമന്ത്രി മോദി കൂട്ടുനില്‍ക്കുകയാരുന്നു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കാണെങ്കില്‍ മോദിയുടെ റിമോട്ട് കണ്‍ട്രോളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. നോട്ട് നിരോധനം ശരിയാണോ എന്ന് ചോദിച്ചാല്‍ നവീന്‍ പട്നായിക് പറയും ശരിയെന്ന്. അങ്ങനെ ഓരോ കാര്യത്തിലും മോദിയാണ് നവീന്‍ പട്നായിക്കിന് ശരി.

ഒഡീഷ ഒരു ദരിദ്രസംസ്ഥാനമല്ല, എന്നാല്‍ ഒഡീഷയിലെ ജനങ്ങള്‍ ദരിദ്രരാണ്. ഇതിന് കാരണം ദീര്‍ഘവീക്ഷണമില്ലാത്ത സര്‍ക്കാരാണ്. ജൈവവിഭവങ്ങളാലും ധാതുസമ്പത്തിനാലും സമ്പന്നമാണ് ഒഡീഷ. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ദാരദ്ര്യം അകറ്റാന്‍ നിങ്ങള്‍ തെരഞ്ഞെടുത്ത് ഭരണാധികാരികള്‍ ശ്രമിക്കുന്നില്ല. നോട്ട് നിരോധനവും കാര്‍ഷികമേഖലയിലെ തകര്‍ച്ചയും ചെറുകിട വ്യാപാരികളുടെ പ്രശ്നങ്ങളും യുവാക്കള്‍ക്ക് തൊഴിലില്ലാത്തതുമാണ് ഒഡീഷയിലെപ്പോലെ തന്നെ ഇന്ത്യയും നേരിടുന്ന പ്രധാന പ്രശ്നം. ഇതിന് ശാശ്വതവും ക്രിയാത്മകവുമായ പദ്ധതികളാണ് വേണ്ടത്. അല്ലാതെ റഫാല്‍ ഇടപാടുകളിലൂടെ സുഹൃത്തുക്കളായ അംബാനിമാരെ സഹായിക്കുകയല്ല രാജ്യത്തിന്‍റെ പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

ഒഡീഷയില്‍ പരിവര്‍ത്തന്‍ സങ്കല്‍പ് സമാവേശ് റാലിയില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. രാഹുലിനെ കാണാനും കേള്‍ക്കാനുമായി ലക്ഷങ്ങളായിരുന്നു ഭുവനേശ്വറില്‍ തടിച്ചുകൂടിയത്.

https://www.facebook.com/JaihindNewsChannel/videos/594503744348000/