രാഹുല്‍ ഗാന്ധി കേരളത്തില്‍ ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാളെ വയനാട്ടില്‍ റാലി

Jaihind News Bureau
Wednesday, January 29, 2020

കണ്ണൂര്‍ : രാഹുൽ ഗാന്ധി കേരളത്തിൽ എത്തി. കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ അദ്ദേഹം വയനാട്ടിലേക്ക് പോയി. കനത്ത സുരക്ഷയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കല്‍പ്പറ്റയില്‍ നാളെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ റാലി നടത്തും. ‘ഭരണഘടനയെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് റാലി.

എസ്.കെ.എം.ജെ സ്‌കൂളിൽ നിന്ന് ആരംഭിക്കുന്ന റാലി കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിന് സമീപം സമാപിക്കും. റാലിക്ക് ശേഷം പൊതുസമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഭരണഘടനാസംരക്ഷണം ലക്ഷ്യമിട്ടാണ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലത്തില്‍ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നത്. എം.പി എന്ന നിലയില്‍ രാഹുല്‍ മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയാണിത്. പൗരത്വഭേദഗതി നിയമത്തിനെതിരായ ശക്തമായ പ്രതിഷേധവും റാലിയിലും തുടര്‍ന്നുളള പൊതുസമ്മേളനത്തിലും ഉയരും.

രാഹുല്‍ മുന്നില്‍ നിന്ന് നയിക്കുന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിന്ന് പിന്നിലായി 5000 ദേശീയ പതാകകളേന്തി പ്രവര്‍ത്തകര്‍ അണിനിരക്കും. മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത 2000 പോസ്റ്ററുകളുമായും പ്രവര്‍ത്തകര്‍ റാലിയിലുണ്ടാകും. രാഹുൽ ഗാന്ധിക്കൊപ്പം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവരും റാലിയില്‍ പങ്കെടുക്കും. തുടര്‍ന്ന് കളക്ടറേറ്റില്‍ നടക്കുന്ന എം.പി ലാഡ്‌സ് അവലോകന യോഗത്തിലും രാഹുല്‍ ഗാന്ധി  പങ്കെടുക്കും.

https://www.facebook.com/JaihindNewsChannel/videos/2306915032940400/