കേരളം കീഴടക്കി രാഹുല്‍ ഗാന്ധി; ജനനിബിഡമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം

Jaihind Webdesk
Tuesday, April 16, 2019

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി അനന്തപുരിയിൽ പറന്നെത്തുന്നതിന് മുമ്പുതന്നെ സെൻ്രടൽ സ്‌റ്റേഡിയം ജനനിബിഡമായിരുന്നു. അനന്തപുരിയുടെ ആത്മാവ് തൊട്ട് രാഹുൽ പ്രസംഗമാരംഭിച്ചപ്പോൾ ഇളകി മറിഞ്ഞ ജനസാഗരം കോൺഗ്രസ് അധ്യക്ഷന് നെഞ്ചിൽ തൊട്ട് അഭിവാദ്യമർപ്പിക്കുകയായിരുന്നു. മോദി തകർത്ത രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ കോൺഗ്രസ് തയാറെടുക്കുന്നതിന്‍റെ യാഥാർത്ഥ്യങ്ങളാണ് തിരുവനന്തപുരത്തോട് അദ്ദേഹം പറഞ്ഞുവെച്ചത്. കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും തന്‍റെ പിന്തുണ അറിയിച്ച രാഹുൽ ഗാന്ധി കോൺഗ്രസ് ഭരണത്തിലെത്തിയാൽ അവർക്ക് വേണ്ടി നടപ്പാക്കാൻ പോകുന്ന ക്ഷേമപദ്ധതികളെപ്പറ്റിയും കൃത്യമായി വിശദീകരിക്കുകയും ചെയ്തു.

മോദി തകർത്ത രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ കോൺഗ്രസ് ന്യായ് പദ്ധതിയിലൂടെ പുനരുജ്ജീവിപ്പിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും വേണ്ടി നടപ്പാക്കാൻ പോകുന്ന ക്ഷേമപദ്ധതികളെപ്പറ്റിയും വിശദമായി സംസാരിച്ച രാഹുൽ സംസ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ചും വ്യക്തമാക്കി.

മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം പൊള്ളയാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കാർഷിക കടങ്ങൾ കാരണം കർഷകർ ജയിലിൽ പോകേണ്ടി വരില്ല. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് നിരോധനത്തിലൂടെ രൂപപ്പെട്ട തൊഴിലില്ലായ്മ ഇല്ലാതാക്കാൻ കോൺഗ്രസ് ന്യായ് പദ്ധതിയിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരും. രാജ്യത്തിന്‍റെ ജവാന്മാരുടെ ധൈര്യത്തെ രാഷ്ട്രീയ ആയുധമാക്കി മോദി ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മോദി സർക്കാരിന്‍റെ കാലത്ത് നടന്ന റഫാൽ അഴിമതിയടക്കം വീണ്ടുമുന്നയിച്ച രാഹുൽ ബി.ജെ.പിയുടെ അഴിമതി വിരുദ്ധതയെന്ന കപടതയാണ് വീണ്ടും തുറന്നു കാട്ടിയത്. ഏഴ് ജില്ലകൾ കേന്ദ്രീകരിച്ച് രാവിലെ പത്തനാപുരത്ത് നിന്നും ആരംഭിച്ച ഇന്നത്തെ പ്രചരണ പരിപാടി വൈകിട്ട് തിരുവനന്തപുരത്ത് സമാപിച്ചതോടെ സംസ്ഥാനത്തെ യു.ഡി.എഫ് ക്യാമ്പുകളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇന്ത്യൻ പാർലമെന്‍റിൽ ശശി തരൂരിന്‍റെ സാന്നിധ്യമുണ്ടാകണമെന്ന് തിരുവനന്തപുരത്തെ ഓർമ്മിപ്പിച്ച രാഹുൽ ആറ്റിങ്ങലിൽ അടൂർ പ്രകാശിനെയും വിജയിപ്പിച്ച് യു.ഡി.എഫിന് ശക്തി പകരണമെന്നും ആവശ്യപ്പെട്ടു.

വീരോചിതമായ വരവേൽപ്പായിരുന്നു തലസ്ഥാന നഗരി രാഹുലിന് ഒരുക്കിയത്. അക്ഷരാർത്ഥത്തിൽ കേരളത്തെ ഇളക്കി മറിച്ചുകൊണ്ടുള്ള പ്രചരണമായിരുന്നു രാഹുലിന്‍റേത്. രാഹുലിന് കേരള ജനത നൽകിയ സ്വീകാര്യത കേരളത്തിന്‍റെ മാറുന്ന രാഷ്ട്രീയത്തിലേക്കുള്ള നാഴികക്കല്ലായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.