എറണാകുളം ഡി.സി.സി സമാഹരിച്ച അവശ്യവസ്തുക്കളുടെ വിതരണം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Wednesday, August 29, 2018

കൊച്ചി: പ്രളയ ദുരിത മേഖലകളിലേക്ക് എറണാകുളം ഡി.സി.സി സമാഹരിച്ച അവശ്യ വസ്തുക്കളുടെ വിതരണം ആരംഭിച്ചു. മറൈൻ ഡ്രൈവിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സാധനങ്ങൾ നിറച്ച വാഹനങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്തു. കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പ്രളയദുരിത ബാധിതരെ സാഹായിക്കേണ്ടത് കോൺഗ്രസ് പ്രവർത്തകരുടെ കടമയാണെന്ന് രാഹുൽ ഗാന്ധി ഓർമിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് പാർട്ടിയുടെ മുഴുവൻ ഘടകങ്ങളും രംഗത്തിറങ്ങണമെന്നും അദ്ദേഹം നിർദേശിച്ചു.

ദുരിത ബാധിതർക്കായി എറണാകുളം ഡി.സി.സി വൻ സഹായമാണ് നൽകുന്നത്. ആദ്യ ഘട്ടമായി 40 വാഹനങ്ങൾ പുറപ്പെട്ടു. 200 ടൺ അരി 30 ടൺ പഞ്ചസാര, 20 ടൺ പയർ വർഗങ്ങൾ, കുട്ടികൾക്കുള്ള ഭക്ഷണ വസ്തുക്കൾ, ബ്ലീച്ചിംഗ് പൗഡർ തുടങ്ങിയ സാധനങ്ങളാണ് വാഹനങ്ങളിലുള്ളത്. 40 പഞ്ചായത്തുകളിൽ ഇവ വിതരണം ചെയ്യും.

ദുരിതമനുഭവിക്കുന്നവർക്കായി കൂടുതൽ അവശ്യവസ്തുക്കൾ എറണാകുളം ഡി.സി.സി സമാഹരിച്ച് വരികയാണ്. കൂടുതൽ പഞ്ചായത്തുകളിൽ വരും ദിവസങ്ങളിൽ ഇവ വിതരണം ചെയ്യും.