ഭാരത് ബചാവോ റാലി വന്‍ വിജയമാക്കിയതിന് കെ.സി വേണുഗോപാലിനെ പേരെടുത്ത് പറഞ്ഞ് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, December 15, 2019

കോണ്‍ഗ്രസ് നടത്തിയ ഭാരത് ബചാവോ റാലി വന്‍ വിജയമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ പേരെടുത്ത് പറഞ്ഞ് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി.  ഒപ്പം റാലിയുടെ വിജയത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച മറ്റ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാര്‍, പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാര്‍ തുടങ്ങി  എല്ലാ പ്രവര്‍ത്തകരെയും നേതാക്കന്മാരെയും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.

‘ഭാരത് ബചാവോ റാലി വൻ വിജയമാക്കാൻ അക്ഷീണം പ്രയത്നിച്ച സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി വേണുഗോപാൽ ജി, മറ്റെല്ലാ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള നേതാക്കള്‍, പി.സി.സി അധ്യക്ഷന്മാര്‍ തുടങ്ങി എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി’ – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഡൽഹി രാംലീല മൈതാനത്ത് നടന്ന കോൺഗ്രസിന്‍റെ ഭാരത് ബചാവോ റാലി മോദി സർക്കാരിനെതിരെയുള്ള സമര കാഹളമായി. രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്നും ലക്ഷക്കണക്കിന് പ്രവർത്തകരാണ് ഡൽഹി രാം ലീല മൈതാനത്തേക്ക് ഒഴുകിയെത്തിയത്.