ഈ വർഗീയവാദികള്‍ വിദ്വേഷത്താല്‍ അന്ധരാണ് ; താങ്കളെ ഓര്‍ത്ത് ഇന്ത്യന്‍ ജനത അഭിമാനിക്കുന്നു : ബി.ജെ.പി ആക്രമണത്തില്‍ അഭിജിത് ബാനർജിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

Jaihind News Bureau
Sunday, October 20, 2019

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാര ജേതാവ് അഭിജിത് ബാനർജിക്ക് എതിരെ ബി.ജെ.പി സംഘപരിവാർ ശക്തികൾ നടത്തുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി. അഭിജിത് ബാനര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി.

നൊബേല്‍ പുരസ്കാരം നേടിയ അഭിജിത് ബാനർജി അഭിനന്ദനം അർഹിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹത്തിന്‍റെ ചിന്തകള്‍ ഇടത്തോട്ടാണെന്നുമായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വിമര്‍ശിച്ചത്. മന്ത്രിയുടെ ഈ വിമർശനത്തിനെതിരെ ശക്തമായ പ്രതികരണമാണ് കോണ്‍ഗ്രസ് നടത്തിയത്. ഇതിന് പിന്നാലെയാണ് അഭിജിത് ബാനർജിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

‘താങ്കളെ എതിർക്കുന്ന ഈ വർഗീയവാദികൾ വിദ്വേഷത്താൽ അന്ധരാണ്. ഒരു പ്രൊഫഷണൽ എന്താണെന്ന് ഇവര്‍ക്ക് അറിയില്ല. പതിറ്റാണ്ടോളം പറഞ്ഞാലും ഇവരെപറഞ്ഞുമനസിലാക്കാന്‍ കഴിയില്ല. നിങ്ങളെ ഓര്‍ത്ത് ഇന്ത്യന്‍ ജനത അഭിമാനിക്കുന്നു എന്ന് മാത്രം മനസിലാക്കൂ’ – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച ന്യായ് എന്ന സ്വപ്ന പദ്ധതിയുടെ ഉപദേശകനായിരുന്നു അഭിജിത് ബാനർജി. മോദി സർക്കാരിന്‍റെ സാമ്പത്തികനയങ്ങളെ എതിര്‍ക്കുകയും നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അഭിജിത് ബാനർജി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി-സംഘപരിവാര്‍ ശക്തികള്‍ അഭിജിത് ബാനർജിക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്.