അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടില്‍ ജെപിസി അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് പരിഭ്രാന്തി: രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, August 31, 2023

 

മുബൈ: അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിൽ ജെപിസി അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി. എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് തയാറാകുന്നില്ലെന്നും എന്തുകൊണ്ടാണ് അദാനിക്കു മാത്രം സംരക്ഷണം നല്‍കുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അദാനി ഗ്രൂപ്പിനെതിരായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ടിന്‍റെ (OCCRP) റിപ്പോർട്ട് ഉയർത്തി മുംബൈയില്‍ വാര്‍ത്താസമ്മേളനം നടത്തവെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തോട് ചോദ്യങ്ങളുയർത്തിയത്.

അദാനിയെ തൊട്ടാൽ മോദിക്ക് പരിഭ്രാന്തിയാണ്. അദാനിക്കെതിരായ റിപ്പോർട്ട് രാജ്യത്തിന് തിരിച്ചടിയാണെന്നും ജി20 യോഗം നടക്കാനിരിക്കെ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജി 20 യോഗത്തിനെത്തുന്ന നേതാക്കൾ ഇതുസംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിക്കും. എന്തുതന്നെ സംഭവിച്ചാലും അദാനിക്കെതിരെ അന്വേഷണത്തിന് മോദി തയാറാകുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കേണ്ടതുണ്ട്.  ജെപിസിയെ സമഗ്രമായ അന്വേഷണം നടത്താന്‍ അനുവദിക്കണം.

‘‘ആദ്യത്തെ ചോദ്യം ഇത് ആരുടെ പണം എന്നതാണ്. ഈ പണം അദാനിയുടെതാണോ മറ്റാരുടെതെങ്കിലുമാണോ? ഇതിന് പിന്നിലെ സൂത്രധാരൻ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയാണ്. മറ്റു രണ്ടു പേർ കൂടിയുണ്ട്. ഒരാൾ നാസർ അലി ഷബാൻ അഹ്‌ലിയും മറ്റൊരാൾ ചാങ് ചുങ് ലിങ് എന്ന ചൈനീസ് പൗരനും. ഈ വിദേശ പൗരന്മാരുടെ പങ്ക് സംബന്ധിച്ചതാണ് രണ്ടാമത് ഉയർന്നുവരുന്ന ചോദ്യം. ഇന്ത്യയുടെ താൽപര്യം പ്രധാനമെന്ന് പറയുമ്പോൾ ചൈനീസ് പൗരന്‍റെ പങ്കെന്ത്?’’– രാഹുൽ ഗാന്ധി ചോദിച്ചു. അദാനി കുടുംബത്തിനു ബന്ധമുള്ള മൗറീഷ്യസ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനങ്ങള്‍ വഴി അദാനി ഗ്രൂപ്പിനു കീഴിലുള്ള ലിസ്റ്റഡ് കമ്പനികളില്‍ കോടികളുടെ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പിയുടെ കണ്ടെത്തല്‍.