ചെങ്ങന്നൂരിലെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും രാഹുൽ ഗാന്ധി സന്ദർശിച്ചു

Jaihind Webdesk
Tuesday, August 28, 2018

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചെങ്ങന്നൂരിലെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസനും അദ്ദേഹത്തെ അനുഗമിച്ചു.

രാവിലെ 8.30ന് തിരുവനന്തപുരത്തെത്തിയ രാഹുൽ ഗാന്ധി ടെക്‌നിക്കൽ ഏരിയയിൽ നിന്നും 9.45 ഓടെയാണ് ചെങ്ങന്നൂരേക്ക് ഹെലികോപ്ടർ മാർഗം യാത്രതിരിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എംഎം ഹസൻ തുടങ്ങിയവർ അദ്ദേഹത്തെ ചെങ്ങന്നൂരേക്ക് അനുഗമിച്ചു.

10.30നാണ് അദ്ദേഹം ക്രിസ്റ്റ്യൻ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയത്. അവിടെ നിന്ന് സെന്‍റ് സേവ്യേഴ്‌സ് കോളേജിന്‍റെ ആഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരെ സന്ദർശിച്ചു. പിന്നീട് ചെങ്ങന്നൂർ ഐഎച്ച്ആർഡി കോളേജിലെ ദുരിതാശ്വാസ ക്യാംപിലും രാഹുൽ ഗാന്ധി സന്ദർശനം നടത്തി. കൂടാതെ ഏറ്റവുംമധികം പ്രളയം ദുരിതം വിതച്ച ഇടനാട്ടിലും അദ്ദേഹം സന്ദർശനം നടത്തി.

അതിന് ശേഷമാണ് തികച്ചും അപ്രതീക്ഷിതമായി വലിയതോതിൽ നാശനഷ്ടങ്ങൾ ഉണ്ടായ ആറന്മുളയിലെ ഏഴിക്കാട് കോളനിയിൽ അദ്ദേഹം സന്ദർശനം നടത്തിയത്. പൂർണമായും ഭാഗികമായും തകർന്ന വീടുകൾ നേരിട്ട് കാണാനും ജനങ്ങളുടെ അവസ്ഥ പൂർണമായും മനസിലാക്കാനാണ് അദ്ദേഹം കോളനി സന്ദർശിക്കാൻ തീരുമാനിച്ചത്. കോളനിയിലെ വീടുകളിൽ നേരിട്ട് കടന്നുചെന്ന അദ്ദേഹം ദുരിതബാധിതരുടെ പ്രശനങ്ങൾ ചോദിച്ചറിഞ്ഞ് അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. 15 മിനിറ്റോളം കോളനിയിൽ അദ്ദേഹം ചെലവഴിച്ചു.

അവിടെനിന്ന് റോഡ് മാർഗം തിരികെ ക്രിസ്റ്റ്യൻ കോളേജ് ഗ്രൗണ്ടിലെത്തിയ അദ്ദേഹം ഹെലികോപ്റ്റർ മാർഗം ആലപ്പുഴയിലേക്ക് തിരിക്കുകയായിരുന്നു. എംപിമാരായ കൊടിക്കുന്നിൽ സുരേഷ് , കെ.സി വേണുഗോപാൽ, എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്, ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് എം ലിജു തുടങ്ങിയ നേതാക്കൾ അദ്ദേഹത്തോടൊപ്പം ചെങ്ങന്നൂരിലെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.