രാഹുല്‍ഗാന്ധിക്ക് ഇന്ന് 49-ആം പിറന്നാള്‍; ജനാധിപത്യത്തിന്‍റെ സൂര്യതേജസ്സിന് ആശംസകളോടെ രാജ്യം

Jaihind Webdesk
Wednesday, June 19, 2019

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 49ാം പിറന്നാള്‍. ഇത് വെറുമൊരു ഇന്ത്യന്‍ നേതാവിന്റെ പിറന്നാള്‍ മാത്രല്ല മറിച്ച് ഇന്ത്യയുടെ ഇരുണ്ട കാലത്ത് പ്രതീക്ഷയുടെ സൂര്യതേജസ്സായ ഒരു മനുഷ്യന്റെ പോരാട്ടത്തിന്റെ നാള്‍വഴികളിലെ അടയാളപ്പെടുത്തലുമാണ്. അദ്ദേഹം 17ാം ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത് വയനാട് മണ്ഡലത്തിനെയെന്നതില്‍ ഇത് കേരളത്തിനും അഭിമാനിക്കാനുള്ള കാരണമാകുന്നു. വര്‍ഗ്ഗീയതക്കും അഴിമതിക്കും എതിരായുള്ള രാജ്യവ്യാപക പോരാട്ടത്തിന് കേരളത്തിലെ 20 ല്‍ 19 സീറ്റും നല്‍കിയാണ് കേരളം ഒപ്പം നിന്നത്. മത്സരിച്ച വയനാട് മണ്ഡലം കേരള ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് ഭൂരിപക്ഷവും നല്‍കി കൂറുകാട്ടി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഹുല്‍ഗാന്ധിയുടെ യാത്രക്ക് ഒരു കാലഘട്ടത്തിന്റ ചരിത്രവും ജനപക്ഷത്തുനിന്നുകൊണ്ടുള്ള കഠിനാധ്വാനത്തിന്റെ വിയര്‍പ്പ് തുള്ളികളുമുണ്ട്.

1970, ജൂണ്‍ 19ന് ഡല്‍ഹിയിലാണ് രാഹുല്‍ ഗാന്ധിയുടെ ജനനം. ഇന്ത്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റായിരുന്ന രാജീവ് ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും ആദ്യത്തെ കണ്‍മണി. മുത്തശ്ശി ഇന്ദിര ഗാന്ധി അന്ന് ഇന്ത്യ ഭരിക്കുന്ന ഉരുക്കുവനിത. രാഹുലിന് 11 വയസുള്ളപ്പോഴാണ് ചെറിയച്ഛനായ സഞ്ജീവ് ഗാന്ധി വിമാനപകടത്തില്‍ മരിച്ചത്. പതിനാലിലെത്തിയപ്പോള്‍ മുത്തശ്ശി അംഗരക്ഷകരുടെ വെടിയേറ്റുമരിച്ചു. സിഖ് തീവ്രവാദത്തിന്റെ അരക്ഷിതനാളുകളായിരുന്നു അത്. പ്രശസ്തമായ ഡൂണ്‍ സ്‌കൂളില്‍ പഠിച്ചിരുന്ന രാഹുലിന്‍റെയും സഹോദരി പ്രിയങ്കയുടേയും സ്‌കൂള്‍ പഠനം അതോടെ അവസാനിച്ചു. സുരക്ഷാ കാരണത്താല്‍ വീട്ടിലിരുന്നായിരുന്നു പിന്നീട് പഠനം. നാലു വര്‍ഷത്തിനു ശേഷം ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിലും ഹവാര്‍ഡിലുമായി ബിരുദം പൂര്‍ത്തിയാക്കി വരുമ്പോഴാണു ഇടിത്തീ പോലെ പിതാവ് രാജീവ് ഗാന്ധി എല്‍.ടി.ടി.ഇ ഭീകരരുടെ സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നത്. അതോടെ വീണ്ടും അരക്ഷിതത്വത്തിന്റെ നിഴലിലായി ജീവിതം.

സുരക്ഷ പരിഗണിച്ചു ഫ്ളോറിഡയിലെ റോളിന്‍സ് കോളജിലേക്കു മാറി. സര്‍വകലാശാല അധികൃതര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും മാത്രമായിരുന്നു രാഹുലിനെക്കുറിച്ച് അറിവുണ്ടായിരുന്നത്. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജില്‍നിന്നു എം.എഫില്‍ കഴിഞ്ഞ ശേഷം ലണ്ടനിലുള്ള മോണിട്ടര്‍ ഗ്രൂപ്പ് എന്ന മാനേജ്മെന്‍റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ ജോലി സ്വീകരിച്ച രാഹുലിന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും അക്കാലത്ത് രാഷ്ട്രീയമില്ലായിരുന്നു. കോണ്‍ഗ്രസില്‍ നരസിംഹറാവുവും സീതാറാം കേസരിയും അരങ്ങുവാഴുകയും ചെയ്ത കാലത്ത് ഔട്ട്സോഴ്സിംഗ് കമ്പനിയില്‍ പണിയെടുക്കുകയായിരുന്നു രാഹുല്‍.

15 വര്‍ഷം മുമ്പു ബാക്പ്സ് സര്‍വീസസ് എന്ന ടെക്നോളജി ഔട്ട്സോഴ്സിംഗ് കമ്പനിയുടെ ഡയറക്ടര്‍ പദം രാജിവച്ചു രാഷ്ട്രീയത്തിലിറങ്ങുകയായിരുന്നു രാഹുല്‍ഗാന്ധി. 2004ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായിരുന്നു അത്. ഇന്ത്യ തിളങ്ങുന്നു എന്ന് ആത്മവിശ്വാസം നടച്ചിരുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയെ തോല്‍പിച്ച് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ അധികരത്തിലെത്തുന്നിടത്താണു രാഹുല്‍ഗാന്ധി എന്ന യുവരാഷ്ട്രീയ നേതാവിന്റെ കുതിപ്പു തുടങ്ങുന്നത്. രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യ വര്‍ഷത്തില്‍തന്നെ അധികാരത്തിന്റെ ഇടനാഴികളുമായി പരിചയിക്കാന്‍ രാഹുലിനു സാധിച്ചു. യഥാര്‍ഥത്തില്‍ രാഹുലിന്റെ രാഷ്ട്രീയ പ്രവേശനവും ഏതാണ്ട് ഒരുദശകത്തിനു ശേഷമുള്ള കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലെ പുനരാഗമനമായിരുന്നു ആ സന്ധി.

ഒറ്റപ്പെടലുകളെയും തിരസ്‌കാരങ്ങളെയും സൗമ്യമായി നേരിട്ടു പരാജയപ്പെടുത്തിയിടത്തായിരുന്നു രാഹുലിന്റെ മികവ്. അതു ജനിതകത്തില്‍ അലിഞ്ഞു ചേര്‍ന്നതായിരുന്നു. മുതുമുത്തച്ഛനായ ജവാഹര്‍ലാല്‍ നെഹ്റുവില്‍നിന്ന് തുടങ്ങി പിതാവ് രാജീവിലൂടെ നീളുന്ന മികവിന്റെ കൈവഴി.

Sonia-Gandhi-with-Rahul

2017 ഡിസംബര്‍ 16ന് രാഹുല്‍ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ ദേശീയ രാഷ്ട്രീയത്തിന്റെ ചിത്രം തന്നെ മാറുകയായിരുന്നു. നരേന്ദ്ര മോദി എന്ന ബി.ജെ.പിയുടെ ഏകാധിപതിയായ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ വര്‍ഗ്ഗീയ – കോര്‍പ്പറേറ്റ് അനുകൂല നിലപാടുകള്‍ക്കെതിരെയും ഒരു ഒറ്റയാള്‍ പോരാട്ടമാണ് പിന്നീട് ഇന്ത്യ കണ്ടത്. രാജ്യത്തിന്‍റെ മതേതരത്വത്തെയും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ ഉറച്ച നിലപാടുകളുമായി ഇറങ്ങിത്തിരിച്ച രാഹുല്‍ഗാന്ധിയെന്ന രാഷ്ട്രീയ വിദ്യാര്‍ത്ഥി പിന്നീട് ലോകം അറിയുന്ന നേതാവെന്ന തലത്തിലേക്കും ഇന്ത്യന്‍ യുവതയുടെ പ്രതീക്ഷയെന്ന നിലയിലേക്കും പരകായ പ്രവേശം നടത്തുകയായിരുന്നു.

സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ തിരികെ അധികാരത്തിലെത്തിച്ച് മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിനൊപ്പം പാര്‍ട്ടിയിലും വലിയ പൊളിച്ചെഴുത്തുകളാണ് രാഹുലിന്റെ നേതൃത്വത്തില്‍ നടന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയായ വര്‍ക്കിങ് കമ്മിറ്റിയില്‍ യുവാക്കളെയും പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളെയും ഒരേപോലെ കോര്‍ത്തിണക്കിയായിരുന്നു പുനഃസംഘടന നടത്തിയത്. പ്രവര്‍ത്തന രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കേരള നേതാക്കളെ പാര്‍ട്ടിയുടെ പരമോന്നത സ്ഥാനങ്ങളിലെത്തിച്ച രാഹുല്‍ഗാന്ധി തുടക്കം കുറിച്ചത് പുതിയൊരു മാതൃകക്കായിരുന്നു. രാജ്യത്തിന്റെ വടക്കും തെക്കുമുള്ള നേതാക്കളെ പ്രവര്‍ത്തക സമിതിയിലും താക്കോല്‍സ്ഥാനത്തും ഉള്‍പ്പെടുത്തിയതുവഴി രാജ്യമൊട്ടാകെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുകയായിരുന്നു.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ കരങ്ങളില്‍ നിന്നും മൂന്ന് സംസ്ഥാനങ്ങളെയാണ് രാഹുല്‍ഗാന്ധി മോചിപ്പിച്ചത്. മധ്യപ്രദേശ് ഉള്‍പ്പെടെ ഹിന്ദി ഹൃദയഭൂമിയില്‍ തകര്‍ന്ന ബി.ജെ.പിക്ക് രാജസ്ഥാനിലും ഛത്തീസ്ഗഡിലും പിടിച്ചുനില്‍ക്കാനായില്ല. മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരമേറ്റ് 24 മണിക്കൂറിനകം പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ കാര്‍ഷിക കടങ്ങളുടെ എഴുതിത്തള്ളല്‍ നടപ്പാക്കിയതോടെ രാഹുലിന്റെ വിശ്വാസ്യത വീണ്ടും ഉയര്‍ന്നു.

ഇന്ത്യയിലെ ഒട്ടുമുക്കാല്‍ മാധ്യമങ്ങളും കോര്‍പ്പറേറ്റുകളും മോദിയെന്ന ഏകാധിപതിയുടെ അരികുപറ്റി നിലയുറപ്പിച്ചപ്പോള്‍ ബി.ജെ.പി ഭരണത്തിലെ അഴിമതികള്‍ രാഹുല്‍ഗാന്ധി ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഒന്നൊന്നായി പുറത്തുകൊണ്ടുവരികയായിരുന്നു. നോട്ട് നിരോധനമെന്ന പകല്‍ക്കൊള്ളയെയും ജി.എസ്.ടിയിലെ പാളിച്ചകളും രാഹുല്‍ഗാന്ധി തുറന്നുകാട്ടിയതോടെ മോദിക്കും സംഘപരിവാറിനും ഉത്തരംമുട്ടി. തുടര്‍ന്ന് റഫേല്‍ എന്ന ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതി പുറത്തുകൊണ്ടുവന്ന രാഹുല്‍ഗാന്ധി മോദിക്കും സംഘ്പരിവാര്‍ ബി.ജെ.പി പക്ഷങ്ങള്‍ക്കും എതിരെ നടത്തിയത് അഴിമതി വിരുദ്ധതയുടെ സര്‍ജ്ജിക്കല്‍ സ്ട്രൈക്കായിരുന്നു. മോദിയുടെ വിദ്വേഷ പ്രസംഗത്തെ ആലിംഗനം കൊണ്ട് എതിരിട്ട രാഹുല്‍ഗാന്ധിയെ രാജ്യവും ജനങ്ങളും ഹൃദയത്തിലേറ്റുകയായിരുന്നു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പിക്ക് ഭരണനേട്ടങ്ങളൊന്നും തന്നെ ഉയര്‍ത്തിക്കാട്ടാന്‍ ആയിരുന്നില്ല. അതേസമയം രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഓരോ ചോദ്യങ്ങളെയും പുറത്തുകൊണ്ടുവന്ന അഴിമതികളെയും പ്രതിരോധിക്കാന്‍ വര്‍ഗ്ഗീയ മുദ്രാവാക്യങ്ങളും കപടരാജ്യസ്നേഹവും മുന്നോട്ടുവെയ്‌ക്കേണ്ടി വന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കേരളത്തിലെ വയനാടിനെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നതിലൂടെ മോദിയുടെയും ബി.ജെ.പിയുടെയും ദക്ഷിണേന്ത്യന്‍ വിരുദ്ധ നയസമീപനങ്ങള്‍ക്കെതിരായുള്ള ഉജ്ജ്വല സന്ദേശം കൂടിയാണ് രാഹുല്‍ ഗാന്ധി നല്‍കുന്നത്.

പരിപക്വമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊപ്പം രാജ്യപുരോഗതി, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, കര്‍ഷക അഭിവൃദ്ധി, വിദ്യാഭ്യാസ- സാമ്പത്തിക രംഗത്തെ ഉയര്‍ച്ച തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച പ്രകടന പത്രിക പുറത്തിറക്കിയതുവഴി രാഹുല്‍ഗാന്ധി ദീര്‍ഘദര്‍ശനമുള്ള ഭരണാധികാരിയുടെ ക്രാന്തദര്‍ശിത്വം രാജ്യം കാണുകയുണ്ടായി.

രാഹുല്‍ ഗാന്ധിയിലാണ് ഇന്ത്യയിലെ ജനങ്ങള്‍ നാളെയുടെ പ്രതീക്ഷയെ അര്‍പ്പിക്കുന്നത്. ബഹുസ്വരതയിലൂന്നിയുള്ള ഒരു രാഷ്ട്രീയ സംസ്‌കാരമാണ് രാഹുല്‍ഗാന്ധി മുന്നോട്ട് വെയ്ക്കുന്നത്. കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കോര്‍ത്തിണക്കി ഒരു പുതിയ ഇന്ത്യ കെട്ടിപ്പെടുക്കാനുള്ള പടയോട്ടത്തില്‍ രാഹുല്‍ഗാന്ധി ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ടെന്നത് വ്യക്തമാണ്.